
അടൂർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാലിലെ മുറിവിനുള്ളിൽ സൂചി കുടുങ്ങിയതായി രോഗിയുടെ പരാതി.
ശസ്ത്രക്രിയയ്ക്കുശേഷം മുറിവിനുള്ളില്‍ കുടുങ്ങിയിരുന്ന സൂചി രണ്ടുമാസം വേദന സഹിച്ച രോഗി ഒടുവില്‍ വീട്ടിലിരുന്ന് സ്വയം വലിച്ചൂരിയെടുത്തു.
ഏപ്രില്‍ 11ന് വാഹനാപകടത്തേ തുടർന്ന് വലത് കണങ്കാല്‍ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ സബിൻ, ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയയ്ക്കുശേഷം മുറിവ് ഡ്രസ് ചെയ്യുന്നതിനായി അടൂർ ജനറല്‍ ആശുപത്രിയില്‍ തുടർചികിത്സ തേടണമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിരുന്നുവെന്ന് സബിൻ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു പിന്നാലെ മുതല്‍ മുറിവില്‍ തുടർച്ചയായ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും മുറിവിനു മുകളില്‍ ഉയർന്നുനിന്ന ഭാഗം തുന്നലിന്റെ ഭാഗമാണെന്നാണ് കരുതിയിരുന്നത്.
കഴിഞ്ഞ 10ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കെത്തിയപ്പോഴും ഇതുസംബന്ധിച്ച് ഡോക്ടറോടു പരാതിപ്പെട്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വേദന അസഹനീയമായതിനേ തുടർന്ന് കഴിഞ്ഞ ദിവസം അടൂർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുറിവിനുള്ളില്‍ എന്തോ അവശേഷിക്കുന്നതായി സംശയം തോന്നിയതിനേ തുടർന്ന് ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചു. എന്നാല്‍ എക്സ്-റേ പരിശോധനയ്ക്കു ശേഷം ഡോക്ടറെ കാണാൻ കഴിയാതിരുന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയശേഷവും മുറിവില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനേ തുടർന്ന് ഭാഗം അമർത്തി പരിശോധിച്ചപ്പോള്‍ നീല നിറത്തിലുള്ള സൂചിയുടെ അടിഭാഗം പുറത്തേക്ക് തെളിഞ്ഞുവന്നതായി സബിൻ പറഞ്ഞു. തുടർന്ന് സൂചി സ്വയം വലിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ ജനറല്‍ ആശുപത്രിയില്‍ തുടർചികിത്സ തേടുന്നതിനൊപ്പം സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുമെന്നും സബിൻ അറിയിച്ചു.







