വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണം, ഉരുൾപൊട്ടലുണ്ടായ പ്രദേശം അത്യന്തം പരിസ്ഥിതി ലോല മേഖലയാണ്, അനധികൃത മനുഷ്യവാസത്തിന് സംരക്ഷണം നൽകുന്ന സർക്കാരിന്റെ പിഴവാണിത്; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്.
വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്ന് മന്ത്രി ആരോപിച്ചു. മനുഷ്യനിർമ്മിത ദുരന്തമാണോ വയനാട്ടിലുണ്ടായതെന്നുള്ള ചോദ്യത്തിന് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘അനധികൃതമായ മനുഷ്യവാസത്തിന് വയനാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാർ സംരക്ഷണം നൽകുന്നു. ടൂറിസത്തിന്റെ പേരിൽ പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായ സോണുകളായി തരംതിരിക്കാൻ അവർ അനുവദിച്ചില്ല. പ്രദേശത്ത് കയ്യേറ്റം നടത്തുന്നതിന് അവർ അനുവാദം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുൾപൊട്ടലുണ്ടായ പ്രദേശം അത്യന്തം പരിസ്ഥിതി ലോല മേഖലയാണ്. മുൻ ഫോറസ്റ്റ് ഡയറക്‌ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിത്.
തദ്ദേശ ഭരണകൂടത്തിന്റെ സംരക്ഷണയിൽ അവിടെ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടന്നുവരികയായിരുന്നു. ഇത് വളരെ അപമാനകരമാണ്. സംസ്ഥാന സർക്കാർ പ്രകൃതിക്കും മനുഷ്യനും സംരക്ഷണം നൽകണം’- കേന്ദ്ര മന്ത്രി വ്യക്തമാക്കി.