മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയ പൂച്ച ചത്തു: സംസ്ഥാനത്ത് കോറോണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിലോട്ടോ  ; പൂച്ചയെ വിദഗ്ദ പരിശോധന വിധേയമാക്കും

മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയ പൂച്ച ചത്തു: സംസ്ഥാനത്ത് കോറോണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിലോട്ടോ  ; പൂച്ചയെ വിദഗ്ദ പരിശോധന വിധേയമാക്കും

സ്വന്തം  ലേഖകൻ

കാസർകോട്: ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഐസൊലേഷൻ വാർഡിൽ നിന്ന് പിടികൂടി മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയ പൂച്ചയുടെ മരണം കോവിഡ് ബാധിച്ചുതന്നെ ആയിരുന്നുവെന്ന സംശയം വർദ്ധിക്കുന്നു.

 

മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പടരുമെന്ന് യുഎസിൽ മൃഗശാലയിൽ വസിച്ച കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ വ്യക്തമായിരുന്നു. ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ പെൺകടുവയ്ക്ക് രോഗബാധ ഉണ്ടായതിനെ തുടർന്ന് ഇന്ത്യയിലും മൃഗശാലകൾക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിശ്ചിത അകലം പാലിച്ചു മാത്രം പരിചരിക്കുന്ന മൃഗശാലയിലെ ജീവനക്കാരനിൽ നിന്ന് മാർജാരവർഗത്തിൽപെട്ട കടുവയ്ക്ക് രോഗബാധ ഉണ്ടാകാമെങ്കിൽ മനുഷ്യരുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന പൂച്ചകൾക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്ന് വിദഗ്ധർ പറയുന്നു.

 

ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിനകത്ത് പൂച്ചകൾ താവളമടിച്ച കാര്യം രോഗികൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തതിനു ശേഷമാണ്

 

മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ പട്ടിപിടിത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടുപിടിച്ച് നഗരത്തിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

രണ്ട് കണ്ടൻ പൂച്ചകളും ഒരു അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പട്ടിപിടിത്തക്കാരും കോവിഡ് പ്രതിരോധവസ്ത്രം ധരിച്ചാണ് അകത്ത് പ്രവേശിച്ച് പൂച്ചകളെ പിടികൂടിയത്.

അത്രയും ദിവസം യാതൊരു പ്രതിരോധവുമില്ലാതെ രോഗികൾക്കൊപ്പം കഴിഞ്ഞതായതിനാൽ പൂച്ചകളെ പുറത്തുവിടാതെ എബിസി കേന്ദ്രത്തിലേക്കു കൊണ്ടുപോയി നിരീക്ഷണത്തിലാക്കിയത്.

 

 

പിടികൂടി ഏതാനും ദിവസങ്ങൾക്കകമാണ് അമ്മപ്പൂച്ച ചത്തത്. പിടികൂടുന്ന സമയത്തു തന്നെ പ്രസവത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

 

എന്നാൽ പ്രസവത്തെ തുടർന്നുള്ള ക്ഷീണത്തിൽ പ്രതിരോധശേഷി ദുർബലമായ അവസ്ഥയിൽ അമ്മപ്പൂച്ചയെ രോഗം പെട്ടെന്ന് പിടികൂടിയിരിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കുഞ്ഞുങ്ങൾക്കും രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്.

 

മനുഷ്യരുടെ കാര്യത്തിലെന്നപോലെ സാമാന്യം ആരോഗ്യമുള്ള കണ്ടൻ പൂച്ചകൾക്ക് രോഗലക്ഷണങ്ങൾ പുറത്തു കാണാത്തതുമാകാം. ഈ പൂച്ചകൾക്കോ ഇവയെ പരിചരിക്കുന്ന തൊഴിലാളികൾക്കോ കാര്യമായ യാതൊരു സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല.

 

പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഗൗരവമായ ഇടപെടൽ വേണ്ടിവരും. വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഈ പൂച്ചകളെ പരിശോധിക്കാനുള്ള സംവിധാനവും സുരക്ഷയും ഒരുക്കേണ്ടതായി വരും. പരിശോധനയിലെ കണ്ടെത്തലുകൾ ഒരുപക്ഷേ രാജ്യാന്തര തലത്തിൽ തന്നെ നിർണായകമാകും.