ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണമില്ലാതെ അലയുമ്പോള്‍ കണ്‍മുന്നില്‍ നോട്ടുകെട്ടുകള്‍; പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് രമ്യ; സംഭവം എരുമേലിയിൽ
സ്വന്തം ലേഖിക
കോട്ടയം: കിടപ്പുരോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി അലയുന്നതിനിടെ യുവതിയുടെ കണ്‍മുന്നില്‍ നോട്ടുകെട്ടുകള്‍.
എന്നാല്‍ സത്യസന്ധത വെടിയാതെ പണം എണ്ണി നോക്കുക പോലും ചെയ്യാതെ രമ്യ അത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസം എരുമേലിയിലാണ് ഈ സംഭവം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനകപ്പലം വില്ലന്‍ചിറ വീട്ടില്‍ രമ്യയാണ് ഈ കഥയില്‍ താരമായി മാറിയത്. രമ്യയുടെ സത്യസന്ധത മനസിലാക്കിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ പാരിതോഷികമായി 3000 രൂപ നല്‍കുകയും ചെയ്തു.
കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ചികിത്സക്ക് ചെലവേറിയ ഓപ്പറേഷന് പണം കണ്ടെത്താന്‍ വഴിയില്ലാതെ ആകെ ഉണ്ടായിരുന്ന സ്വര്‍ണം പണയം വെയ്ക്കാന്‍ എത്തിയപ്പോഴാണ് രമ്യ അഞ്ഞൂറ് രൂപയുടെ ഒരുകെട്ട് നോട്ടുകെട്ട് ശ്രദ്ധിച്ചത്. എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് നോട്ടുകെട്ട് കളഞ്ഞുപോയ നിലയില്‍ കണ്ടെത്തിയത്.
കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ അലയുമ്പോഴും രമ്യയുടെ മനസ് ആ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ അചഞ്ചലമായിരുന്നു. നോട്ടുകെട്ട് എടുത്ത് എണ്ണി നോക്കാതെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ രമ്യ നേരിട്ട് എത്തിച്ചു നല്‍കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രമ്യയുടെ ഭര്‍ത്താവ്. നിര്‍ധന കുടുംബമായ ഇവര്‍ക്ക് ധനസഹായത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭ്യര്‍ത്ഥന നടത്തിയത്.
ബൈപ്പാസ് ശസ്ത്രക്രിയയുടെ ചെലവിനായാണ് ആകെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കാനാണ് രമ്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയത്. ഏതായാലും രമ്യയുടെ സത്യസന്ധതയെ പോലിസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
രമ്യ ചെയ്ത നല്ല കാര്യമറിഞ്ഞ സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമ മൂവായിരം രൂപ പാരിതോഷികമായി നല്‍കി. അടയാളം സഹിതം ഉടമ എത്തിയാല്‍ തുക നല്‍കുമെന്നും അതുവരെ സ്റ്റേഷനില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി പണം സൂക്ഷിക്കുകയാണെന്നും പോലിസ് അറിയിച്ചു.