കോട്ടയം മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ് ; ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി ; പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്ന് കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയത് ഷാജിമോൻ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാന സര്‍ക്കാറിന്റെ വ്യവസായ സൗഹൃദ നയം വെറും പൊള്ളയാണെന്ന് തെളിയിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോര്‍ജ്ജിനോടുള്ള പക തീരാതെ സര്‍ക്കാര്‍. കോട്ടയം മാഞ്ഞൂരില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസ്. ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്നും കാട്ടി എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
കടുത്തുരുത്തി പൊലീസാണ് ഷാജി മോനെതിരെ കേസെടുത്തത്. ഷാജി മോന്‍ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കി. ഷാജിമോൻ യുകെയിലേക്ക് പോയതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താൻ വിദേശത്തേക്ക് മടങ്ങിയതിന് പിന്നാലെ പൊലീസ് നോട്ടീസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാജിമോന്റെ നിഗമനം. എന്തായായും സംഭവത്തില്‍ അഭിഭാഷകരുമായി കാര്യങ്ങള്‍ സംസാരിക്കാനാണ് ഷാജിമോൻ ഒരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വ്യവസായ സ്ഥാപനത്തിനു കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് നടപടിക്കെതിരെയാണ് ഷാജിമോൻ സമരം നടത്തിയത്. കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് പടിക്കലാണ് ഷാജിമോൻ ജോര്‍ജ് സമരം തുടങ്ങിയത്. റോഡില്‍ കിടന്നും പ്രതിഷേധം നടത്തി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് മാസത്തോളമാണ് മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. പിന്നാലെയായിരുന്നു പ്രതിഷേധം. പിന്നീട് മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടായി, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു.
നേരത്തെ പദ്ധതിയുമായി ഷാജിമോൻ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി നോട്ടമിട്ട് രംഗത്തെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയില്‍ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ പ്രതികാര നടപടിയുമായാണ് പഞ്ചായത്ത് ഷാജിമോനെതിരെ നീങ്ങിയതും.
മാത്തൂര്‍ പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകള്‍ക്കുള്ള കാലതാമസമാണ് വരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി നേരത്തേ വിശദീകരിച്ചിരുന്നു. 25 വര്‍ഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേര്‍ക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു.
പഞ്ചായത്ത് ചോദിച്ച എല്ലാ രേഖകളും കൊടുത്താണ് പെര്‍മിറ്റ് എടുത്തിരിക്കുന്നത്. കൈക്കൂലിക്കേസില്‍ പഞ്ചായത്ത് അസി. എഞ്ചിനീയറെ അറസ്റ്റ് ചെയ്തതിന്റെ വിരോധം മൂലമാണ് തന്നെ ഉന്നം വെയ്ക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.