മദ്യപിച്ച് ലക്ക് കെട്ട് അമിതവേഗതയിൽ വാഹനമോടിച്ചു; നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി തൂൺ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി..! തൃക്കുന്നപ്പുഴ സ്വദേശിക്കെതിരെ കേസ്
സ്വന്തം ലേഖകൻ
ഹരിപ്പാട്: മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറിയത്.തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ കപില്‍ വില്ലയിലെ കപില്‍ (27) എന്ന യുവാവാണ് മദ്യപിച്ച് വാഹനമോടിച്ചത്. ഇയാള്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.
പല്ലന കെ വി ജെട്ടി ജംഗ്ഷനിലുളള മസ്ജിദിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 9.45 നായിരുന്നു അപകടം. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാറാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അപകടത്തില്‍ പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലിയുടെ ഫ്രോസ് വെല്‍ ഫുഡ് കടയുടെമുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് കട ഉടമയ്ക്ക് ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഇടിയുടെ ആഘാതത്തില്‍ 11 കെ വി ലൈന്‍ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു. ശബ്ദം കേട്ട് ഓടിയെത്തിയവരുടെ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി.
വൈദ്യുതി പോസ്റ്റ് വീണതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം തീരദേശ റോഡില്‍ ഗതാഗതം മുടങ്ങി. കപില്‍ തോട്ടപ്പള്ളി മുതല്‍ അപകടകരമായ രീതിയിലാണ് വാഹനമോടിച്ച് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.