അശാസ്ത്രീയമായ രാസവളവും കീടനാശിനി പ്രയോഗവും; അപ്പര്‍കുട്ടനാട്ടിൽ  ചര്‍മരോഗങ്ങള്‍ക്ക് പുറമേ  കാൻസറും  വ്യാപകമാകുന്നു

അശാസ്ത്രീയമായ രാസവളവും കീടനാശിനി പ്രയോഗവും; അപ്പര്‍കുട്ടനാട്ടിൽ ചര്‍മരോഗങ്ങള്‍ക്ക് പുറമേ കാൻസറും വ്യാപകമാകുന്നു

സ്വന്തം ലേഖിക

കോട്ടയം: അശാസ്ത്രീയമായ രാസവളവും കീടനാശിനി പ്രയോഗവും ജില്ലയിലെ അപ്പര്‍കുട്ടനാട്ടിലും കാന്‍സര്‍ പടര്‍ത്തുന്നു.

നെല്‍കൃഷി വ്യാപകമായുള്ള ടി.വി പുരം, വെച്ചൂര്‍, തലയാഴം, ആര്‍പ്പുക്കര, തിരുവാര്‍പ്പ് ,അയ്മനം പ്രദേശങ്ങളില്‍ ആറുകളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവരിലാണ് വിവിധ ചര്‍മരോഗങ്ങള്‍ക്കു പുറമേ കാന്‍സറും വ്യാപകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടാഷ്, ഫാക്ടം ഫോസ്, രാസവളങ്ങള്‍ക്കൊപ്പം സമീപകാലത്ത് നെല്ലിന് പുതുതായി നാനോ യൂറിയയും ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ ഘടന പരിശോധിച്ച്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തോടെ വേണം വളവും കീടനാശിനിയും പ്രയോഗിക്കാനെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പാടശേഖരങ്ങളില്‍ പോലും പരിശോധനയ്ക്ക് എത്താന്‍ കഴിയാറില്ല.

നിര്‍ദ്ദേശം തേടി കര്‍ഷകര്‍ കൃഷി ഓഫീസുകളിലും പോകാറില്ല. നൂറ് ലിറ്റര്‍ വെള്ളത്തില്‍ രണ്ട് തുള്ളി നാനോ യൂറിയയാണ് ഒഴിക്കേണ്ടത്. കര്‍ഷകരോ കര്‍ഷക തൊഴിലാളികളോ ഇത് ശ്രദ്ധിക്കാറില്ല.

വയലുകളിലേക്ക് വെള്ളം ചുമന്നു കൊണ്ടു പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ക്കാതെ നാനോ യൂറിയ അളവ് കൂട്ടുന്നു. ഇത് വയലുകളില്‍ നിന്ന് സമീപത്തെ തോടുകളിലും ആറുകളിലും ഒഴുകിയെത്തുന്നു. രാസവളത്തിന്റെ അശാസ്ത്രീയ ഉപയോഗത്തിന്റെ തിക്തഫലമാണ് ആറ്റ് തീരങ്ങളില്‍ താമസിക്കുന്നവരില്‍ കാന്‍സര്‍ കൂടുതല്‍ കണ്ടെത്താന്‍ കാരണം.

കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലുമെത്തുന്ന തീരദേശവാസികളില്‍ കൂടുതലായി കാന്‍സര്‍ കണ്ടെത്തിയതോടെയാണ് രാസവളത്തിന്റെ അമിത പ്രയോഗത്തെക്കുറിച്ച്‌ സംശയം ബലപ്പെട്ടത്.