play-sharp-fill
സി വിജിൽ തയ്യാർ; പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  പെരുമാറ്റച്ചട്ട ലംഘനങ്ങൾ ഫോട്ടോയും വീഡിയോയും സഹിതം പരാതി നൽകാം; പരാതി നൽകേണ്ടത് ഇങ്ങനെ….

സി വിജിൽ തയ്യാർ; പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ ഫോട്ടോയും വീഡിയോയും സഹിതം പരാതി നൽകാം; പരാതി നൽകേണ്ടത് ഇങ്ങനെ….

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സഹായകമായ സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമായി.

സി വിജിൽ സജ്ജമായ ഉടൻ ലഭിച്ച പരാതിയിൽ പാമ്പാടിയിൽ അനുവാദമില്ലാതെ പോസ്റ്റർ പതിച്ചത് സംബന്ധിച്ച വിഷയത്തിൽ നടപടിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് ഈ സംവിധാനത്തിലൂടെ പരാതി നൽകാം.

പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരൈ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും. ജി.ഐ.എസ്( ജ്യോഗ്രഫിക് ഇൻഫർമേഷൻ സംവിധാനം) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാൻ സാധിക്കും.

പരാതി സമർപ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികൾ തുടങ്ങിയവ ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നൽകാം.

ഫോട്ടോയോ വീഡിയോയോ ഓഡിയോയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിച്ചിരിക്കണം. ഫോണിൽ നേരത്തെ സ്റ്റോർ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലിൽ അപ്‌ലോഡ് ചെയ്യാനാവില്ല.

പരാതികൾ ഉടൻ തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും. ഫ്ളയിംഗ് സ്‌ക്വാഡ്, ആന്റീ ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സിവിജിൽ ഇൻവെസ്റ്റിഗേറ്റർ എന്ന ജി.ഐ.എസ് ആപ്ലിക്കേഷൻ മുഖേനയാണ് ഇവർ പരാതിയുടെ ലൊക്കേഷൻ കണ്ടെത്തുക.

അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും. സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും. അജ്ഞാതരായ പരാതിക്കാർക്ക് പരാതിയുടെ സ്ഥിതി മൊബൈലിൽ അറിയാൻ കഴിയില്ല. എന്നാൽ ഇവർക്ക് അതത് റിട്ടേണിംഗ് ഓഫീസർമാരെ നേരിട്ട് ബന്ധപ്പെട്ടാൽ വിവരം ലഭിക്കുന്നതാണ്.