ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി; ഇപ്പോൾ പൂജ്യമെന്ന് റിപ്പോർട്ട് ; ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്ത് ; ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാൻ കഴിയാതെ ബൈജൂസ് ; മിക്ക ഓഫീസുകളും താഴിട്ടു പൂട്ടി ; വെല്ലുവിളികള്‍ തരണം ചെയ്ത് അവസാന കടമ്പയും കടക്കുമെന്ന് ബൈജൂസ്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: നിലയില്ലാക്കയത്തിലാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസ്. മുഖ്യ നിക്ഷേപകർ ഇടഞ്ഞുനില്‍ക്കുന്നു. ഫണ്ടുകള്‍ ഉപയോഗിക്കാൻ കഴിയാതെ നിത്യചെലവുകള്‍ പോലും കഷ്ടി. ശമ്പളം കിട്ടാതെ ജീവനക്കാർ വലയുന്നു. പ്രതിസന്ധി തരണം ചെയ്യുമെന്ന് സ്ഥാപക സിഇഒ മലയാളിയായ ബൈജു രവീന്ദ്രൻ ആത്മവിശ്വാസം പ്രകടപ്പിക്കുമ്ബോഴും, മുന്നോട്ടുള്ള വഴി ഇനിയും തെളിഞ്ഞിട്ടില്ല. ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രന്റെ മൊത്തം ആസ്തി 17,545 കോടി( 2.1 ബില്യൻ ഡോളർ) ആയിരുന്നു. എന്നാല്‍, ഫോബ്‌സിന്റെ ശതകോടീശ്വര പട്ടിക പ്രകാരം 2024 ല്‍ അത് പൂജ്യമാണ്.
ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് രംഗത്ത് കുതിച്ചുയർന്ന പോസ്റ്റർ ബോയി ആയിരുന്നു ഒരുകാലത്ത് ബൈജു രവീന്ദ്രൻ. കഴിഞ്ഞ വർഷത്തെ ഫോബ്‌സ് പട്ടികയില്‍ നിന്ന് പുറത്തുപോയത് ഇത്തവണ നാലുപേരാണ്. അതിലൊരാളാണ് ബൈജു രവീന്ദ്രൻ. കമ്പനി പലതരം പ്രതിസന്ധികളെ നേരിട്ടതാണ് ഇതിന് കാരണമെന്നും ഫോബ്‌സ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയോടെയാണ് ഫോബ്സിന്റെ ശതകോടീശ്വര പട്ടിക പുറത്തുവന്നത്. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്ബനിയുടെ മൂല്യം. സമീപകാല പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്ബനിയായ തിങ്ക് ആൻഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.
കെടുകാര്യസ്ഥത ആരോപിച്ച് സമർപ്പിച്ച ഹർജിയില്‍ ബൈജൂസും നാല് നിക്ഷേപകരായ പ്രോസസ്, ജനറല്‍ അറ്റ്ലാന്റിക്, സോഫിന, പീക്ക് XV (മുമ്ബ് സെക്വോയ)എന്നിവ നിയമപോരാട്ടം തുടരുകയാണ്. കമ്ബനി സ്ഥാപകനായ ബൈജു രവീന്ദ്രൻ പുറന്തിരിഞ്ഞുനില്‍ക്കുന്ന നിക്ഷേപകരോട് സഹകരിക്കണമെന്ന അഭ്യർത്ഥന ഒരിക്കല്‍ കൂടി മുന്നോട്ടുവച്ചിട്ടുണ്ടെന്നും മെയിലില്‍ വ്യക്തമാക്കി. ജീവനക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയാമെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്ബനി പറഞ്ഞു.
സമീപകാല വെല്ലുവിളികള്‍ ബൈജൂസ് തരണം ചെയ്തെന്നും ഈ അവസാന കടമ്ബയും കടക്കുമെന്നും ജീവനക്കാർ പ്രതീക്ഷ കൈവിടാതിരിക്കണമെന്നും മെയിലില്‍ അഭ്യർത്ഥിക്കുന്നു. ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാനം ഒഴിച്ചുള്ള ഓഫീസുകള്‍ക്ക് താഴിട്ടിരിക്കുകയാണ്. 14,000 ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ബൈജൂസിന്റെ ആസ്ഥാനമായ ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിലെ ഓഫീസ് മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ 1000 ലേറെ ജീവനക്കാർ ജോലി ചെയ്യുന്നു. രാജ്യത്തെ മറ്റുഓഫീസുകള്‍ എല്ലാം ഒഴിഞ്ഞു. വിവിധ നഗരങ്ങളിലെ ഓഫീസുകളുടെ വാടക കരാറുകള്‍ പുതുക്കാതായിട്ട് മാസങ്ങളായി.
അതേസമയം, ബൈജൂസിന്റെ മുന്നൂറോളം ട്യൂഷൻ സെന്ററുകള്‍ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഈ ഓഫീസുകളിലാണ് 6-10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പഠിക്കുന്നത്. ഇവ തുടർന്നും തുറന്നുപ്രവർത്തിക്കും.
12 ബില്യൻ ഡോളറിന്റെ വായ്പയെ ചൊല്ലി കടത്തിലും തർക്കത്തിലും പെട്ടുഴലുകയാണ് ബൈജൂസ്. ഒരിക്കല്‍ 20 ബില്യൻ ഡോളറില്‍ ഏറെ മൂല്യമുണ്ടായിരുന്ന കമ്ബനിയുടെ മൂല്യം കഴിഞ്ഞ വർഷം 90 ശതമാനത്തോളം ഇടിഞ്ഞു.
ഇതിനു പുറമേ സിഇഒ ബൈജു രവീന്ദ്രനില്‍ പ്രധാന നിക്ഷേപകർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഫേബ്രുവരിയില്‍ സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ പുറത്താക്കാൻ മുഖ്യ നിക്ഷേപകർ വോട്ടുചെയ്തിരുന്നു. എന്നാല്‍, ചെറിയ വിഭാഗം ഓഹരിയുടമകള്‍ മാത്രമാണ് പുറത്താക്കല്‍ പ്രമേയം പാസാക്കിയത് എന്ന വാദം ഉന്നയിച്ച് ബൈജുവും കുടുംബവും അത് തള്ളിക്കളഞ്ഞു. അസാധാരണ പൊതുയോഗത്തിലെ തീരുമാനങ്ങള്‍ അസാധുവാണെന്നും കമ്ബനി അറിയിച്ചിരുന്നു.
പ്രതിസന്ധികള്‍ ആവർത്തിച്ചതോടെ, ബൈജു രവീന്ദ്രന് മുഖ്യ നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെട്ടിരിക്കുകയാണ്. യുഎസ് വായ്പാ സ്ഥാപനവുമായുള്ള നിയമപോരാട്ടത്തിന്റെയും, കോർപറേറ്റ് ഭരണ പ്രശ്‌നങ്ങളുടെയും പേരില്‍ കമ്ബനിയുടെ ഓഡിറ്ററായ ഡിലോയിറ്റ് വിട്ടുപോയി. ഫെബ്രുവരിയിലെ ശമ്ബളം തനിക്ക് നല്‍കാൻ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് കത്തയച്ചിരുന്നു.