ഇരിപ്പിടമില്ല, വെള്ളവും വെളിച്ചവുമില്ല, തീപാറുന്ന വെയിലിൽ തിരുനക്കര ബസ്റ്റാന്റിൽ യാത്രക്കാരെ വട്ടം കറക്കി കോട്ടയം നഗരസഭ

ഇരിപ്പിടമില്ല, വെള്ളവും വെളിച്ചവുമില്ല, തീപാറുന്ന വെയിലിൽ തിരുനക്കര ബസ്റ്റാന്റിൽ യാത്രക്കാരെ വട്ടം കറക്കി കോട്ടയം നഗരസഭ

സ്വന്തംലേഖകൻ

കോട്ടയം : ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു കോട്ടയം നഗരസഭയുടെ അവഗണന. ചുട്ടു പൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളോ കുടിവെള്ള സംവിധാനമോ ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടില്ല. ഇരിപ്പിടങ്ങൾ എല്ലാം ഒടിഞ്ഞു തൂങ്ങി കമ്പികൾ മാത്രം ബാക്കിയായ നിലയിലാണ്.
കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങൾ വന്നുപോകുന്നതിനാൽ നിരവധി യാത്രക്കാരാണ് തിരുനക്കര സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.ചൂടും സഹിച്ചു മണിക്കൂറുകളോളം നിന്ന് യാത്രക്കാർ കുഴഞ്ഞു വീഴുന്നതും ഇവിടെ പതിവാണ്.
സ്റ്റാൻഡിനുള്ളിൽ കുടിവെള്ള സംവിധാനം ഒരുക്കാൻ എല്ലാ വർഷവും നഗരസഭാ ഫണ്ട് വകയിരുത്തുന്നതല്ലാതെ തുടർ നടപടികൾ സ്വീകരിക്കാറില്ല. രാത്രിയായാൽ സ്റ്റാൻഡിനുള്ളിൽ വെളിച്ചമില്ലന്നും പരാതിയുണ്ട്. സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പലതവണ നഗരസഭയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലന്നാണ് പ്രദേശത്തെ കൗൺസിലറുടെ പരാതി.