വീടിനുള്ളില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; മധ്യവയസ്കന് ദാരുണാന്ത്യം
മുളന്തുരുത്തി : വീടിനുള്ളില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി ഏട്ടോടെ പെരുമ്ബിള്ളി മൂലക്കുരിശിന് സമീപം മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിനോടു ചേർന്നുള്ള വാടക വീട്ടിലായിരുന്നു അപകടം.
അപകടത്തില്‍ മുളന്തുരുത്തി പള്ളിത്താഴം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വേഴപറമ്ബ് ചിറയ്ക്കല്‍ അനില്‍(58) മരിച്ചു.
ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുന്നതുകണ്ട് അയല്‍വാസികളാണ് ആദ്യം ഇവിടേക്ക് ഓടിയെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നാലെ വീടാകെ വ്യാപിച്ചു. വീടിന്റെ പോർച്ചില്‍ പാർക്ക് ചെയ്തിരുന്ന അനിലിന്റെ ഓട്ടോയും പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി വീടിനുള്ളില്‍നിന്ന് അനിലിനെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാടക വീടിന്റെ മുകളിലത്തെ നിലയിലാണ് അനില്‍ താമസിച്ചിരുന്നത്. താഴത്തെ നിലയിലെ താമസക്കാർ അപകട സമയം സ്ഥലത്തില്ലാതിരുന്നതിനാലാണ് കൂടുതല്‍ ആളപായം ഉണ്ടാകാതിരുന്നത്. വീട് പൂർണമായും കത്തിനശിച്ചു. നാലു യൂണിറ്റ് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.