play-sharp-fill
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസ്; മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരി അറസ്റ്റിൽ

ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസ്; മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബി .എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കര സ്വദേശി ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് കമ്പനിയും നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഇവര്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ സഹകരണ സംഘ തട്ടിപ്പില്‍ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.

സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പില്‍ വ്യക്തമായിരുന്നു.

ഇതില്‍ 200 കോടിക്ക് മുകളില്‍ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികള്‍ വന്‍തോതില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ടായിരുന്നു.