play-sharp-fill
ഭാര്യമാര്‍ വില്‍പ്പനയ്ക്ക്: ഒരു പൈന്റിനായി വരെ പെണ്ണിനെ വിറ്റ ബ്രിട്ടീഷുകാര്‍; സംസ്കാര ജനതയുടെ പ്രാകൃത നടപടികൾ: ക്രൂരമായ ചരിത്രം സത്യം പറയുമ്പോള്‍

ഭാര്യമാര്‍ വില്‍പ്പനയ്ക്ക്: ഒരു പൈന്റിനായി വരെ പെണ്ണിനെ വിറ്റ ബ്രിട്ടീഷുകാര്‍; സംസ്കാര ജനതയുടെ പ്രാകൃത നടപടികൾ: ക്രൂരമായ ചരിത്രം സത്യം പറയുമ്പോള്‍

ഡൽഹി: ഭാര്യയുടെ അരയില്‍ ഒരു കയറിട്ട് മുറുക്കി ജോർജ്ജ് വ്രൈ നേരെ അവളെ ചന്തയിലേക്ക് വലിച്ചഴച്ചു. അവള്‍ ഭ്രാന്തിയായിരുന്നില്ല, അവള്‍ക്ക് സ്വാധീനക്കുറവും ഉണ്ടായിരുന്നില്ല..

പിന്നെ എന്തിനായിരുന്നു അരയ്ക്ക് കെട്ടി മാടിനെ പോലെ അവളെ വലിച്ചഴച്ചത്. ജോർജ്ജിന് അവളെ വേണ്ടാതായിരിക്കുന്നു.വിവാഹമോചനം വേണം,വില്‍ക്കണം… എത്ര പണം കിട്ടുന്നോ അതിന് വിറ്റൊഴിവാക്കണം. ലേലം ആരംഭിച്ചു. ജോർജ്ജ് അവളുടെ ഗുണഗണങ്ങളും കുറ്റങ്ങളും കുറവുകളും വിളിച്ചുപറഞ്ഞു.

തേങ്ങലോടെ അവളതെല്ലാം കേട്ടുനിന്നു…. വായിക്കുമ്പോള്‍ തോമസ് ഹാർഡിയുടെ പ്രശസ്തമായ ദ മേയർ ഓഫ് കാസ്റ്റർബ്രിഡ്ജ് എന്ന നോവലിലെ രംഗത്തെ ഓർമ്മിപ്പിക്കുമെങ്കിലും ഇത് കെട്ടുകഥയല്ല. 17,18 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് തെരുവുകളില്‍ അരങ്ങേറിയ ക്രൂരതയുടെ നേർചിത്രമായിരുന്നു. പരിഷ്‌കൃതരെന്നും സംസ്‌കാരസമ്പന്നരെന്നും ലോകം വാഴ്ത്തുന്ന അതേ ബ്രിട്ടീഷുകാരുടെ ചെയ്തികളാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറ്റാണ്ടുകള്‍ക്ക് മുൻപ് വിവാഹമോചനം എന്നത് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍വരുന്ന പ്രദേശങ്ങളില്‍ വലിയ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പണച്ചിലവ് തന്നെ പ്രശ്‌നം. 1750കളില്‍ നിങ്ങളുടെ വിവാഹം വേർപിരിഞ്ഞാല്‍, ഔപചാരികമായി വിവാഹമോചനം നേടുന്നതിന് നിങ്ങള്‍ക്ക് പാർലമെന്റിന്റെ നിയമത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നിരുന്നു.

അതായത് വിവാഹമോചനം നിയമവിധേയമാക്കുന്നതിന്, ഒരു സ്വകാര്യ പാർലമെൻറ് നിയമം ആവശ്യമായിരുന്നു. അത് നേടാൻ കുറഞ്ഞത് 3,000 ഡോളർ (ഇന്നത്തെ മൂല്യങ്ങളില്‍ 15,000 ഡോളർ) ചിലവാകുമായിരുന്നു.

അതുകൂടാതെ സഭയുടെ സമ്മതവും ആവശ്യമായിരുന്നു. സാമ്പത്തികമായി താഴെക്കിടയിലുള്ള പുരുഷന്മാർക്ക് അത്തരം ചിലവുകള്‍ താങ്ങാൻ കഴിയാത്തതായിരുന്നു. അതിനാല്‍ തന്നെ സാധാരണക്കാർക്കിടയില്‍ ഭാര്യയെ വില്‍ക്കുന്നത് വ്യാജ വിവാഹമോചനത്തിന്റെ ഒരു രൂപമായി ഉയർന്നു.

ഇത് നിയമപരമായിരുന്നില്ല, പക്ഷേ സാധാരണക്കാർ ഈ രീതി തിരഞ്ഞെടുക്കുന്നത് അറിഞ്ഞിട്ടും ഭരണകർത്താക്കള്‍ കണ്ണടച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിന്നുള്ള ഒരു പരസ്യം ഇങ്ങനെ ആയിരുന്നു: ഇവള്‍ക്ക് വിതയ്ക്കാനും കൊയ്യാനും ഉഴുതുമറിക്കാനും കന്നുകാലികളെ മേക്കനും കഴിയും.

ഇവള്‍ ശാഠ്യകാരിയും തലക്കനം കൂടിയവളും നല്ല ആരോഗ്യം ഉള്ള പുരുഷനെ വരെ തല്ലാൻ കഴിയുന്നവളും ആണ്. എന്നാല്‍ ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍, അവള്‍ മുയലിനെപ്പോലെ സൗമ്യയാണ്. അവള്‍ ഇടയ്ക്കിടെ തെറ്റുകള്‍ വരുത്തുന്നു. അവളുടെ ഭർത്താവ് അവളുമായി പിരിയുകയാണ്, കാരണം അവളേ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.വില്‍ക്കാൻ ആഗ്രഹിക്കുന്നു.

അതായത് അന്ന് ആ കാലഘട്ടത്തില്‍, വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സ്വതന്ത്രമായ അവകാശങ്ങള്‍ ഇല്ലായിരുന്നു. ഭാര്യമാർ അവരുടെ ഭർത്താക്കന്മാരുടെ ഉപഭോഗവസ്തു മാത്രം ആയിരുന്നു, അവരെ ഇഷ്ടാനുസരണം കൈമാറാനോ വില്‍ക്കാനോ കഴിയുമായിരുന്നു. എന്തൊരു ക്രൂരത അല്ലേ….

ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 1780 -നും 1850 -നും ഇടയില്‍ മാത്രം മുന്നൂറോളം ഭാര്യമാരെ വിറ്റു എന്നാണ് കണക്കുകള്‍ പറയുന്നത്. 1862 -ല്‍ സെല്‍ബിയില്‍ നടന്ന വില്‍പ്പനയില്‍ ഒരാള്‍ ഭാര്യയെ വിറ്റത് ഒരു പൈൻറ് ബിയറിന് വേണ്ടിയായിരുന്നു. വിചിത്രമെന്നു പറയട്ടെ, അക്കാലത്തെ കന്നുകാലി ലേലത്തിന്റെ രൂപത്തിലാണ് ഭാര്യമാരുടെ വില്‍പ്പന നടന്നത്.

വില്‍പ്പന പ്രഖ്യാപിച്ച ശേഷം, പുരുഷൻ ഭാര്യയുടെ കഴുത്തിലോ കൈയിലോ അരയിലോ ഒരു റിബണോ കയറോ ഇട്ടു അവളെ ‘മാർക്കറ്റിലേക്ക്’ (ഒന്നുകില്‍ ഒരു യഥാർത്ഥ മാർക്കറ്റ് അല്ലെങ്കില്‍ മറ്റൊരു പൊതുസ്ഥലം) നയിക്കും. പിന്നീട്, അവിടെ കൂടിയ ആളുകളോട് അവളുടെ ഗുണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം അവൻ അവളെ ലേലം ചെയ്യുമായിരുന്നു. അവളെ മറ്റൊരു പുരുഷൻ വാങ്ങിക്കഴിഞ്ഞാല്‍, മുമ്പത്തെ വിവാഹം അസാധുവായി കണക്കാക്കുകയും പുതിയ വാങ്ങുന്നയാള്‍ തന്റെ പുതിയ ഭാര്യയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടില്‍ ഭാര്യയെ വില്‍ക്കുന്ന ആചാരം രേഖകളിലും വ്യക്തമാണ്. ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവിന്റെ പ്രശസ്ത മിസ്ട്രെസ് മാഡം ഡി മോണ്ടെസ്പാൻ, ഇംഗ്ലീഷുകാർക്ക് അവരുടെ ഭാര്യമാരെ കന്നുകാലികളെപ്പോലെ ചന്തയില്‍ വില്‍ക്കാൻ കഴിയും, അവർ ഇംഗ്ലീഷുകാർ ഇപ്പോഴും പ്രാകൃത ജനതയായി തുടരുന്നു, എന്ന് ഓർമ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തൊരു ക്രൂരമായ ചരിത്രം അല്ലേ….