കണ്ണീര്‍ തൂകി മോര്‍ബി..! മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി; പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തു; മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 142 ആയി. പുഴയില്‍ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 500ഓളം പേര്‍ അപകട സമയത്ത് പാലത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ എത്രപേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. രാജ്‌കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജിയുടെ കുടുംബത്തിലെ 12 പേരും മരിച്ചവരിലുണ്ട്. ഇതില്‍ 5 പേര്‍ കുട്ടികളാണ്.
ഇതിനിടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തതെന്ന വിവരവും പുറത്ത് വന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. 140 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അറ്റകുറ്റപ്പണികള്‍ക്കായി 7 മാസത്തോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26നാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പാലത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കയറിയത് കൊണ്ടും ഇത് നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാലുമാണ് അപകടമുണ്ടായതെന്നാണ് കമ്പനിയുടെ വിശദീകരണം. 15 വര്‍ഷത്തേക്ക് പാലത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയ കമ്പനിക്കെതിരെ നരഹത്യക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്ര ഗുരുതമായ അനാസ്ഥ ഉണ്ടായതില്‍ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതൊരു മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു. കേന്ദ്ര സേനകളുടെ എല്ലാവിഭാഗങ്ങളും ദുരന്ത നിവാരണ സേനയും രാത്രി തന്നെ രംഗത്തുണ്ട്. ഡ്രോണ്‍ഉപയോഗിച്ചുള്ള തെരച്ചിലാണ കരസേന ഇന്ന് നടത്തിയത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാത്രി തന്നെ ദുരന്ത മേഖലയില്‍ എത്തി. ആശുപത്രിയിലുള്ളവരെ സന്ദര്‍ശിച്ചു.ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഗ്വിയാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ റോഡ് ഷോ അടക്കം പരിപാടികളെല്ലാം മാറ്റി വച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.