കൈക്കൂലിയുമായി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ചോദിച്ച് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ആടിനെ പട്ടിയാക്കുന്ന മറുപടി നല്കി സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ് ; കൈക്കൂലിക്കാർ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരും ഒരു ഡിവൈഎസ്പിയും മാത്രമെന്ന് മറുപടി; കോട്ടയം ജില്ലയിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പിടികൂടിയത് മുണ്ടക്കയം സി.ഐ. ആയിരുന്ന ഷിബുകുമാറടക്കം മൂന്ന് പേരെ; കൈക്കൂലിക്കാരുടെ ലിസ്റ്റ് മുക്കിയത് അഴിമതിക്കാരെ സംരക്ഷിക്കാനോ?തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസിവ്
ഏ . കെ ശ്രീകുമാർ
കോട്ടയം: വിജിലൻസ് കേസിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്ത് എത്ര പേരുണ്ടെന്ന
കണക്ക് ചോദിച്ച് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് രണ്ട് സിവിൽ പൊലീസ് ഓഫിസർമാരും ഒരു ഡിവൈഎസ്പിയും മാത്രമെന്ന മറുപടി നല്കി സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസ്. കോട്ടയം ജില്ലയിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പിടികൂടിയത് മുണ്ടക്കയം സി ഐ ആയിരുന്ന ഷിബുകുമാറും, കടുത്തുരുത്തി ഗ്രേഡ് എസ് ഐ ആയിരുന്ന അനിൽ കുമാറും, രാമപുരം ഗ്രേഡ് എസ് ഐ ബിജുവും ഉൾപ്പെടെ മൂന്ന് പേരെയാണ്. എന്നാൽ ഇവരുടെയൊന്നും കണക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ആഫിസിലില്ല.
കൈക്കൂലിയുമായി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണവും വിവരങ്ങളും ചോദിച്ച് വിവരവകാശ നിയമപ്രകാരം തേർഡ് ഐ ന്യൂസ് നല്കിയ അപേക്ഷയ്ക്ക്, കണക്കുകൾ സൂക്ഷിച്ചിട്ടില്ല എന്ന വിചിത്രമായ മറുപടിയാണ് സംസ്ഥാനപൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നും ലഭിച്ചത്.
ഇതേ ചോദ്യത്തിന് വിജിലൻസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും പത്തൊൻപത് ഉദ്യോഗസ്ഥർ അന്വേഷണം നേരിടുന്നുണ്ടെന്നും, ഇരുപത്തിയാറ് ഉദ്യോഗസ്ഥർ വിജിലൻസ് കോടതി മുൻപാകെ വിചാരണ നേരിടുന്നുണ്ടെന്നുമുള്ള വ്യക്തമായ മറുപടി നല്കിയപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിൽ കണക്കുകൾ ലഭ്യമല്ലാത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈക്കൂലിക്കേസിൽ ജയിൽവാസവും, സസ്പെൻഷനും കഴിഞ്ഞ് തിരികെ സർവ്വീസിൽ കയറിയവരുടേയും, ഒന്നിലേറെ തവണ കൈക്കൂലിക്കേസിൽ പിടികൂടിയവരുടേയും കണക്ക് പൊലീസ് ആസ്ഥാനത്തില്ല. മുണ്ടക്കയം സി ഐ ആയിരുന്ന ഷിബുകുമാറിനെ കൈക്കൂലിക്കേസിൽ വിജിലൻസ് രണ്ട് തവണയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കൈക്കൂലിയുമായി പിടികൂടിയവർ ലോ ആൻഡ് ഓർഡറിൽ ജോലി ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിനും മറുപടിയില്ല. ചുരുക്കിപറഞ്ഞാൽ കൈക്കൂലിക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് സ്വീകരിച്ചിട്ടുള്ളത്. കൈക്കൂലിയുമായി പിടികൂടുന്ന ഉദ്യോഗസ്ഥർ വീണ്ടും ലോ ആൻഡ് ഓർഡറിൽത്തന്നെ ജോലിക്കെത്തുന്നത് അഴിമതി വർദ്ധിക്കാനേ സഹായിക്കു.
അഴിമതി ആരോപണത്തിന് വിധേയരായ ചില പൊലീസ് ഉദ്യോഗസ്ഥർ ഇൻറലിജൻസ് വിഭാഗത്തിൻെറ നിരീക്ഷണത്തിലാണ്. ചില ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് ഇൻറലിജൻസ് ശുപാർശ ചെയ്തിട്ടുമുണ്ട്. മുൻപ് ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയാറാക്കി ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ ചെറുവിരലനക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
ക്രിമിനൽവൽകരണത്തേക്കാൾ ഗുരുതരമായ അവസ്ഥയിലേക്ക് പൊലീസിലെ അഴിമതി നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് മുൻ ഇൻറലിജൻസ് മേധാവിയുടെ നിർദേശാനുസരണം ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ച് തുടങ്ങിയത്. ഇതുസംബന്ധിച്ച ചില റിപ്പോർട്ടുകൾ ആഭ്യന്തരവകുപ്പിന് സമർപ്പിക്കുകയുംചെയ്തിരുന്നു. എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തസ്തികകളിലുള്ള ഉദ്യോഗസ്ഥരാണ് കൈക്കൂലിയും പാരിതോഷികങ്ങളും കൈപ്പറ്റുന്നതിൽ മുന്നിലെന്ന് കണ്ടെത്തിയിരുന്നു.
പണത്തിന് പുറമെ പെട്രോളും ഡീസലും വിമാനയാത്രാടിക്കറ്റും ഉൾപ്പെടെ പാരിതോഷികമായി വാങ്ങുന്നവരുമുണ്ട്. അടുത്തിടെ തലസ്ഥാന ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാർക്കുണ്ടായ സ്ഥാനചലനവും കൊല്ലത്തെ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ സ്ഥാനചലനവും ഇൻറലിജൻസ് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു. ചില ഉദ്യോഗസ്ഥർ ബ്ളേഡ് മാഫിയയിലെ കണ്ണികളായി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടും ഇൻറലിജൻസിൻെറ പക്കലുണ്ട്.
എന്നാൽ ചില ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ഇൻറലിജൻസ് ഉദ്യോഗസ്ഥർ തന്നെ പരാതിപ്പെടുന്നു. ഓരോ ജില്ലയിലേയും ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിർദേശമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയിരുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ഇടപെടലും വ്യാപകമായി നടക്കുന്നുണ്ട്.