ഉമ്മൻചാണ്ടിയുടെ മരണത്തോടെ ‘എ’ ഗ്രൂപ്പിനെ വീതം വെച്ചെടുത്ത് നേതാക്കൾ ; മധ്യകേരളം തിരുവഞ്ചൂർ പിടിച്ചപ്പോൾ, തെക്ക് വിഷ്ണു നാഥും, വടക്ക് ടി. സിദ്ധിഖും പിടിച്ചെടുത്തു ; തിരുവഞ്ചൂരിന്റെയും, സിദ്ധിഖിന്റെയും, വിഷ്ണു നാഥിന്റെയും വീതം വെയ്പ്പിൽ പച്ചതൊടാതെ കെ.സി ജോസഫും, ബെന്നി ബെഹന്നാനും ; കോട്ടയത്ത് ‘എ’ ഗ്രൂപ്പിൽ കെ.സി ജോസഫിന്റെ പൊടി പോലും കാണാനില്ല !!!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യക്തികളിലൂടെ അറിയപ്പെടുന്ന പ്രദേശങ്ങള്‍, പ്രദേശങ്ങളിലൂടെ അടയാളപ്പെടുന്ന വ്യക്തികള്‍.. പുതുപ്പള്ളിയുടേ പര്യായമായിരുന്നു ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി എന്നാല്‍ ഉമ്മന്‍ ചാണ്ടിയന്ന് കേരളം പറഞ്ഞുതുടങ്ങിയിട്ട് ദശാബ്ദങ്ങളായിരിക്കുന്നു.
1970 മുതല്‍ ഇന്നേവരെ ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു നേതാവ് പുതുപ്പള്ളിയെ പ്രതിനീധീകരിച്ച് നിയമസഭയിലേക്ക് എത്തിയിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സമാജികനായിരുന്ന നേതാവും ഉമ്മന്‍ചാണ്ടിയാണ്- 53 വര്‍ഷം. ഏഴ് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മന്‍ ചാണ്ടി. തെങ്ങ് ചിഹ്നത്തിലായിരുന്നു ആദ്യത്തെ മത്സരം. അന്ന് സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇ.എം ജോര്‍ജിനെ ഏഴായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒക്ടോബര്‍ നാലിന്, തന്റെ 27-ാം വയസ്സില്‍ പുതുപ്പള്ളിയുടെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നെയങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പുതുപ്പള്ളി എന്നന്നേക്കുമായി ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാ രംഗത്തുനിന്നും ഉമ്മൻ ചാണ്ടി വിട്ടുനിന്നതോടെ കാര്യമായി ശോഷിച്ച എ ഗ്രൂപ്പിന് ഉമ്മൻചാണ്ടിയുടെ വേർപാട് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഗ്രൂപ്പിലെ പ്രധാന നേതാക്കളായ തിരുവഞ്ചൂർ, കെ സി ജോസഫ്, ബെന്നി ബെഹന്നാൻ, ടി സാദിഖ്, പിസി വിഷ്ണുനാഥ്, എന്നിവരൊക്കെ ഇപ്പോൾ സ്വന്തം നിലയ്ക്കാണ് പ്രവർത്തിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ കോൺഗ്രസിലെ എ’ ഗ്രൂപ്പിന്റെ ഭാവിക്ക് നിലവിൽ കോട്ടം സംഭവിച്ചിരിക്കുകയാണ്. നിലവിലെ പല ഗ്രൂപ്പു നേതാക്കളും സ്വന്തമായി ഗ്രൂപ്പുണ്ടാക്കി ചില എതിർ ഗ്രൂപ്പു നേതാക്കളുമായി നീക്ക് പോക്ക് നടത്തിക്കഴിഞ്ഞു.
എ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ അഭാവത്തോടെ അടുത്തതായി ഗ്രൂപ്പിനെ ആരു നയിക്കുമെന്ന തർക്കം സജീവമായി നിൽക്കുമ്പോഴും ഗ്രൂപ്പ് പിടിക്കാൻ തയ്യാറായി കെ.സി ജോസഫിനും ബെന്നി ബെഹന്നാനുമുണ്ട്. കഴിഞ്ഞ തവണ ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള് ഇരുവരെയും നേതൃത്വം തഴഞ്ഞിരുന്നു.
ഇപ്പോൾ എ ഗ്രൂപ്പിലെ ചെറിയൊരു വിഭാഗം അനുയായികൾ മാത്രമാണ് ഇരു നേതാക്കൾക്കും ഒപ്പമുള്ളത്. പക്ഷേ കാര്യമായ പരിഗണന ഭാവിയിൽ ഉണ്ടായില്ലേൽ ഈ പ്രവർത്തകരും വിട്ടുപോകുമോയെന്ന ആശങ്ക ഇരുവർക്കുമുണ്ട്.
ഇനിയും ഇരുവർക്കും ഒപ്പം നിൽക്കണോയെന്ന ചോദ്യം ഗ്രൂപ്പിന്റെ താഴേതട്ടിലെ നേതാക്കൾക്കുമുണ്ട്. ഇരുവര്‍ക്കും ഇനി വിലപേശല്‍ ശക്തിയില്ലെന്ന വിലയിരുത്തലാണ് പൊതുവെ. അതോടെയാണ് നേതാക്കള്‍ പലതായി തിരിഞ്ഞു ചെറു ഗ്രൂപ്പുകളായി മാറുന്നത്.
കോട്ടയം ജില്ലയിലെ എ ഗ്രൂപ്പിനെ പൂർണമായും തന്റെ കയ്യിലൊതുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും ബ്ലോക് പ്രസിഡന്റ് സ്ഥാനത്തേക്കുമൊക്കെ നേതാക്കളെ വച്ചപ്പോൾ അതിനനുസരിച്ചുള്ള പരിഗണനയും തിരുവഞ്ചൂരിന് കിട്ടി. എ ഗ്രൂപ്പ് എന്നു പറയുമ്പോഴും പഴയ രീതിയിൽ ഒരു ഗ്രൂപ്പു കളിക്ക് തിരുവഞ്ചൂർ തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വടക്കൻ കേരളത്തിൽ എ ഗ്രൂപ്പിനെ തന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് ടി സിദ്ദീഖ് എംഎ.എ. നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കന് കേരളത്തിൽ എ ഗ്രൂപ്പിനെ നയിച്ചത് സിദ്ദീഖിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു കാലത്ത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന സിദ്ദീഖ് പിന്നീട് വിഡി – കെസി ഗ്രൂപ്പിനും സ്വീകാര്യനായിരുന്നു.
വടക്കൻ കേരളത്തിലെ അണികളില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് സിദ്ധിഖ്. ആര്യാടൻ മുഹമ്മദിന് ശേഷം കോണ്‍ഗ്രസിന്റെ വടക്കൻ കേരളത്തിലെ പ്രധാന ന്യൂനപക്ഷ മുഖമായി മാറിയിരിക്കുകയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടായ സിദിഖ്.
തെക്കൻ കേരളത്തിൽ എ ഗ്രൂപ്പിന്റെ നിയന്ത്രണം നിലവിൽ പിസി വിഷ്ണുനാഥിന്റെ കയ്യിലാണ്. പക്ഷേ എ ഗ്രൂപ്പ് എന്ന് പിസി വിഷ്ണുനാഥ് പറയുന്നില്ല എന്നതാണ് രസകരം. ഹൈക്കമാന്ഡിൽ സ്വാധീനമുള്ള കെസി വേണുഗോപാലുമായി യോജിച്ചാണ് വിഷ്ണുനാഥ് മുന്നോട്ടു പോകുന്നത്.
പക്ഷെ എ ഗ്രൂപ്പിലെ യുവാക്കളായ അണികൾ വിഷ്ണുനാഥിനൊപ്പമുണ്ട്. പരമ്പരാഗത എ ഗ്രൂപ്പിലെ പ്രധാനികള്‍ വിഷ്ണുവിനൊപ്പമാണ്.
പ്രത്യേകിച്ചും തെക്കൻ കേരളത്തില്‍. സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും സ്വാധീനമുള്ള നേതാവാണ് എന്നതും വിഷ്ണുവിനെ അംഗീകരിക്കാൻ ഗ്രൂപ്പ് അണികളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
തിരഞ്ഞെടുപ്പുകള്‍ മാറിമാറി വരുമ്പോഴെല്ലാം മണ്ഡലങ്ങളില്‍ ആരാണ് സ്ഥാനാര്‍ഥി എന്ന് ചര്‍ച്ചകളുയരും. എന്നാല്‍ പുതുപ്പള്ളിയില്‍ ആരെന്ന കാര്യത്തില്‍ ഒരിക്കലും ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടായിരുന്നില്ല.
ഉമ്മന്‍ചാണ്ടിയെ ഒഴിച്ച് മറ്റൊരു സ്ഥാനാര്‍ഥിയെ പുതുപ്പള്ളിക്കോ പുതുപ്പള്ളിയൊഴിച്ച് മറ്റൊരു മണ്ഡലം ഉമ്മന്‍ചാണ്ടിക്കോ സങ്കല്‍പത്തില്‍ പോലുമുണ്ടായിരുന്നില്ല. എല്ലാ തിരഞ്ഞെടുപ്പിലും പുതുപ്പള്ളി തങ്ങളുടെ കുഞ്ഞൂഞ്ഞിനെ നിയമസഭയിലേക്കയച്ചു.
തങ്ങളുടെ ആശങ്കകള്‍ക്കും പ്രശ്നങ്ങള്‍ക്കുമെല്ലാം പരിഹാരമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിയുണ്ട് എന്നുള്ളത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ഉറച്ച വിശ്വാസമായിരുന്നു.