ചൊവ്വാഴ്ചവരെ ആര്യൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

ചൊവ്വാഴ്ചവരെ ആര്യൻ ജയിലിൽ തന്നെ; ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തിരമായി പരിഗണിക്കണം എന്നായിരുന്നു ആര്യൻ ഖാന്റെ അഭിഭാഷകന്റെ ആവശ്യം. വാദം വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കണം എന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ഇന്നലെ സെഷൻസ് കോടതി ആര്യന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ഒടുവിൽ കിംഗ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാനെ കാണാൻ പിതാവും ബോളിവുഡ് സൂപ്പർ താരവുമായ ഷാറൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയിരുന്നു. രാവിലെയാണ് ഷാറൂഖ് ജയിലിലെത്തിയത്. ആര്യനും ഷാറൂഖും തമ്മിലുള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയ്ക്കിടെ ആര്യൻ വികാരാധീനനായെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്

ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. ചില്ലുപാളികൾക്ക് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു കൂടിക്കാഴ്ച. ഇന്റർകോം വഴിയായിരുന്നു സംസാരിച്ചത്. ജയിൽ അധികൃതരും കൂടിക്കാഴ്ച വേളയിൽ ഒപ്പമുണ്ടായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് തടവുകാർക്ക് വീട്ടുകാരെ കാണുന്നതിന് മഹാരാഷ്ട്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഈ വിലക്ക് ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആര്യനെ കാണാൻ ഷാറൂഖിന് ജയിൽ അധികൃതർ അനുവാദം നൽകിയത്. 23 കാരനായ ആര്യൻഖാന്റെ ജാമ്യാപേക്ഷ ഇന്നലെ പ്രത്യേക കോടതി തള്ളിയിരുന്നു. മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.

പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിൽ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യൻ വീട്ടുകാരുടെ തീരുമാനം. ആര്യന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചന്റ്, നടി മൂൺമൂൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഒക്ടോബർരണ്ടിനാണ് മുംബൈയിലെ ആഢംബരക്കപ്പലിലെ ലഹരി പാർട്ടിക്കിടെ ആര്യൻഖാനെയും കൂട്ടാളികളെയും നർകോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ആര്യൻ ഖാൻ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും, നിരവധി ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നും എൻസിബി വാദിക്കുന്നു. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായുമാണ് എൻസിബി പറയുന്നത്.