വിവാഹ ആഘോഷത്തിനിടയിലെ ബോംബ് സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റിൽ; പടക്കക്കടക്കാരനായി അന്വേഷണം ഊര്‍ജിതമാക്കി

വിവാഹ ആഘോഷത്തിനിടയിലെ ബോംബ് സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റിൽ; പടക്കക്കടക്കാരനായി അന്വേഷണം ഊര്‍ജിതമാക്കി

സ്വന്തം ലേഖിക

കണ്ണൂര്‍: തോട്ടടയില്‍ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.

കടമ്പൂര്‍ സ്വദേശി അരുണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ സനാദിന്റെ സുഹൃത്താണ് അരുണ്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മറ്റൊരു പ്രതിയായ മിഥുന്‍ ആവശ്യപ്പെട്ടത് പ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയിരുന്നു. ഈ വടിവാള്‍ നല്‍കിയത് അരുണ്‍ ആണെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

സ്‌ഫോടക വസ്തുക്കള്‍ താഴെ ചൊവ്വയിലെ ഒരു പടക്ക കടയില്‍ നിന്നാണ് വാങ്ങിയതെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കണ്ണൂരിലുള്ള മറ്റൊരു പടക്ക കച്ചവടക്കാരനാണ് മിഥുനും സംഘത്തിനും സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്.

ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
സ്ഫോടനത്തില്‍ ഏച്ചൂര്‍ ബാലക്കണ്ടി ഹൗസില്‍ സി.എം.ജിഷ്ണു (26)വാണ് കൊല്ലപ്പെട്ടത്.

കല്യാണത്തിന്റെ തലേദിവസം രാത്രി പാട്ടുവച്ചപ്പോള്‍ സൗണ്ട് ബോക്‌സിന്റെ കണക്ഷന്‍ കേസിലെ പ്രതിയായ അക്ഷയ് വിച്ഛേദിച്ചിരുന്നു. ഇതോടെ അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമുണ്ടായി.
വിവാഹ വീട്ടില്‍ രണ്ട് തവണ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.