play-sharp-fill
വയനാട് ഉരുൾപൊട്ടൽ : ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തു മലയിൽ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും

വയനാട് ഉരുൾപൊട്ടൽ : ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തു മലയിൽ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും

മേപ്പാടി : വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനമായി.

സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളില്‍ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ എതിർപ്പ് ഉയർന്നതോടെയാണ് മാറ്റിയത്. ഇത് സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ 67 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെ സംസ്കാരം നടത്താനാണ് തീരുമാനം.

വയനാട് ദുരന്തത്തിന്റെ ആറാം നാളായ ഇന്നും തെരച്ചില്‍ തുടരുകയാണ്. ഇതുവരെ ആകെ മരണം 365 ആയി. 219 പേരുടെ മരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളുമാണ്. 31 കുട്ടികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 152 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇത് കൂടാതെ 147 ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 206 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 518 പേരെ ആയിരുന്നു ദുരന്ത സ്ഥലത്തുനിന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ 88 പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്. മുണ്ടക്കൈ,ചൂരല്‍മല, പുഞ്ചരിമട്ടം പ്രദേശങ്ങളിലും ചാലിയാറിലും ഇന്നും വ്യാപകമായ തെരച്ചില്‍ നടത്താനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group