മോഹന്‍ ബഗാനെ വീഴ്ത്തി; പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമത് ; മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് തലപ്പത്തെത്തി. ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്.കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്. നാലാം മിനിറ്റില്‍ പ്രതിരോധ താരത്തില്‍നിന്ന് പന്ത് തട്ടിയെടുത്ത് ബോക്സിന്റെ മധ്യത്തില്‍നിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാല്‍ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം കണ്ടു. പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിന്റെ ഇടതുപാര്‍ശ്വത്തില്‍നിന്ന് ദിമിത്രിയുടെ ഇടങ്കാല്‍ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു അവസരവും നല്‍കാതെ പോസ്റ്റിനുള്ളില്‍. മൂന്ന് മോഹന്‍ ബഗാന്‍ കളിക്കാരെ മറികടന്നായിരുന്നു ദിമിത്രിയോസിന്റെ ഗോള്‍നേട്ടം. സീസണില്‍ താരത്തിന്റെ ഏഴാം ഗോളാണിത്. ഒരു ഗോള്‍ വീണതോടെ മോഹന്‍ ബഗാനും ഉണര്‍ന്ന് കളിച്ചു. മൂര്‍ച്ചയുള്ള നീക്കങ്ങള്‍ ബഗാന്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെയോ ഗോളി സച്ചിന്‍ ബേബിയെയോ മറികടക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇരു ടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഗോവയെ മറികടന്ന് ഒന്നാമതെത്തി.