ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം; നനഞ്ഞ പടക്കം

ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം; നനഞ്ഞ പടക്കം

ശ്രീകുമാർ

കോട്ടയം: ബി ജി പിയുടെ സംസ്ഥാന പ്രസിഡന്റ് നിയമനം നനഞ്ഞ പടക്കമായി. കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണറായി പോയതോടെയാണ് കേരളത്തിൽ പ്രസിഡന്റ് സ്ഥാനം ഒഴിവു വന്നത്. കൃഷ്ണദാസ് ഗ്രൂപ്പ് എം.ടി രമേശിനേയും മുരളീധരൻ ഗ്രൂപ്പ് കെ. സുരേന്ദ്രനേയും ഉയർത്തിക്കൊണ്ട് വന്നതോടെയാണ് പ്രസിഡന്റ് സ്ഥാനം കീറാ മുട്ടിയായത്. ദേശീയ നേതൃത്വത്തിന് സുരേന്ദ്രനോടാണ് താല്പര്യമെങ്കിൽ ആർ. എസ്. എസിന് രമേശിനോടാണ് താല്പര്യം. ആഭ്യന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെങ്ങന്നൂരിൽ ഇന്ന് യോഗം ചേരുന്നുണ്ട്. ആറന്മുളയിൽ ആർ. എസ്.എസിന്റെ വാർഷിക ബൈഠെക്ക് നടക്കുന്നതിനിടെ സമീപത്തുള്ള ചെങ്ങന്നൂരിൽ ബി ജെ പി ഉന്നതതല യോഗം വിളിച്ചതിന് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെടുന്നു. അമിത്ഷാ ജൂലൈ ആദ്യ വാരം കേരളത്തിലെത്തുന്നുണ്ട്. അതിനു മുമ്പ് ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തുകയാണ് ചെങ്ങന്നൂർ യോഗത്തിന്റെ ലക്ഷ്യം. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന ആർ.എസ്.എസ് നേതൃത്വവുമായി ഒത്തു തീർപ്പുണ്ടാക്കുകയാണ് അമിത് ഷായുടെ വരവിന്റെ ഉദ്ദേശ്യം. പുതിയ സംസ്ഥാന അദ്ധ്യക്ഷൻ ആരെന്ന കാര്യത്തിൽ ഇരു ഗ്രൂപ്പുകളും വിട്ടു വീഴ്ചക്ക് തയ്യാറാകാതെ നിൽക്കുകയാണ്. പാർട്ടിക്കുള്ളിൽ തെളിഞ്ഞു നിൽക്കുന്നത് നായർ-ഈഴവ വടം വലിയാണ്. യുവാക്കൾക്ക് സുരേന്ദ്രനോടാണ് താല്പര്യമെങ്കിലും മുതിർന്ന നേതാക്കൾക്ക് സുരേന്ദ്രനോട് തീരെ താല്പര്യമില്ല. കേരളത്തിലെ ബി ജെ പിയുടെ ഗ്രൂപ്പുകൾ സമുദായം തിരിച്ചുള്ളതാണ്. അണികളും അങ്ങനെതന്നെ. ദേശീയ സമിതി അംഗവും എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ക്രിസ്ത്യൻ സഭകൾ, കാന്തപുരം അടക്കമുള്ള മുസ്ലീം സമുദായ നേതാക്കൾ തുടങ്ങിയവയെല്ലാമായി അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്ന ശ്രീധരൻ പിള്ളയെ ഒത്തു തീർപ്പു പ്രസിഡന്റായി രംഗത്തു കൊണ്ടു വരാനാണ് സാധ്യത.

Leave a Reply

Your email address will not be published.