‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ…! ഗാനത്തിലെ വരികളില്‍ കേന്ദ്ര വിമർശനം കടന്നുകൂടിയെന്ന് കണ്ടെത്തൽ; അമളി പറ്റിയതോടെ ഉടൻ നടപടി; ബിജെപിയുടെ കേരള പദയാത്രയിലെ പ്രചാരണഗാനം പിൻവലിച്ചു
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിലെ പ്രചാരണഗാനം പിൻവലിച്ചു.
ഗാനത്തിലെ വരികളില്‍ കേന്ദ്ര വിമർശനം കടന്നുകൂടിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,” എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.
“ദുരിതമേറ്റു വാടിവീഴും പതിതകോടി
മാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…
പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും
എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ…”എന്ന വരിക്ക് ശേഷം അടുത്ത വരിയാണ് അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ… എന്ന വരിയുള്ളത്. കേന്ദ്ര സര്‍ക്കാരിനെ തന്നെ വിമര്‍ശിക്കുന്ന വരിയാണ് പാട്ടിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം അഴിമതിക്കാരെ തുടച്ചുനീക്കാന്‍ താമരയ്ക്ക് കൊടി പിടിക്കാനും ആഹ്വാനം ചെയ്യുന്നതാണ് ഗാനം. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പദയാത്ര തത്സമയം നല്‍കുന്നത് ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ്.
ആദ്യമായാണ് സുരേന്ദ്രന്‍ ഒരു സത്യം പറയുന്നതെന്നാണ് സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നത്. പാട്ടില്‍ ബിജെപിക്കു പിണഞ്ഞ അമളി സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളിനാണ് വഴിയൊരുക്കിയിരിക്കുന്നത്.