രാഷ്ട്രീയകളികളിലൂടെ ബി.ജെ.പി ഒരു വർഷം വാരിയത് കോടികൾ; കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്ട്രൽ ബോണ്ടുകളിലൂടെ എത്തിയ പണത്തിൽ 76 ശതമാനവും ബി.ജെ.പിയ്ക്ക്

രാഷ്ട്രീയകളികളിലൂടെ ബി.ജെ.പി ഒരു വർഷം വാരിയത് കോടികൾ; കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്ട്രൽ ബോണ്ടുകളിലൂടെ എത്തിയ പണത്തിൽ 76 ശതമാനവും ബി.ജെ.പിയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായി പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയ്ക്കു കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് കോടികൾ. ഇലക്ട്രൽ ബോണ്ട് ഇനത്തിൽ ലഭിച്ചതിൽ 76 ശതമാനവും ബി.ജെ.പിയുടെ അക്കൗണ്ടിൽ എത്തിയതായാണ് വ്യക്തമായിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 2019-20ൽ 3355 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റതിൽ, ബി.ജെ.പിക്ക് 2555 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ ബി.ജെ.പിയിക്ക് ലഭിച്ചത് 1450 കോടി രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ കാലയളവിൽ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ കോൺഗ്രസിന് ലഭിച്ച തുക 17 ശതമാനത്തോളം കുറഞ്ഞു. 2018-19ൽ കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് 383 കോടി രൂപ ലഭിച്ചപ്പോൾ 2019-20ൽ 318 കോടി രൂപയാണ് ലഭിച്ചത്. ഇത് മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ ഒൻപത് ശതമാനം മാത്രമാണ്.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 100.46 കോടി, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 29.25 കോടി, ശിവസേന 41 കോടി, ഡി.എം.കെ 45 കോടി, ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദൾ 2.5 കോടി, അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി 18 കോടി രൂപ എന്നിങ്ങനെയാണ് മറ്റു പ്രതിപക്ഷ പാർട്ടികൾ ശേഖരിച്ച തുകകൾ.

2019 കാലത്ത് ബി.ജെ.പിയുടെ വരുമാനം അഞ്ച് പ്രധാന എതിരാളികളുടെ (പാർട്ടികളുടെ) വരുമാനം കൂട്ടിയാൽ ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണ്. ബോണ്ട് തുടങ്ങിയതു മുതൽ മാർച്ച് 2020 വരെ വിറ്റുപോയ 68 ശതമാനം ബോണ്ടുകളും ബി.ജെ.പിയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇലക്ടറൽ ബോണ്ട് സംവിധാനം ഏർപ്പെടുത്തുന്നതിന് മുമ്പും ബി.ജെ.പിക്ക് ഉയർന്ന വരുമാനം ഉണ്ടായിരുന്നു.

രാഷ്ട്രീയ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് 2017-2018ൽ സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ, വ്യക്തികൾക്കും കോർപ്പറേഷനുകൾക്കും (ഭാഗികമായി വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളവ ഉൾപ്പടെ) രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാതമായി ധനസഹായം നൽകാൻ അനുവദിക്കുന്നു. അജ്ഞാത സംഭാവന സമ്പ്രദായം അവതരിപ്പിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടികൾ വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ സമ്പ്രദായത്തിലൂടെ സർക്കാർ അഴിമതി ഔദ്യോഗികമാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഇവ ബാങ്കുകൾ വഴി നടക്കുന്നതിനാൽ സുതാര്യത മെച്ചപ്പെടുമെന്നും രാഷ്ട്രീയ പാർട്ടിക്ക് എത്ര പണം ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നും സർക്കാർ വാദിച്ചു.