Spread the love

കർണാടക: ഒരാഴ്ചയ്ക്കിടെ 44 മയിലുകള്‍ ചത്തൊടുങ്ങിയതിനെ തുടർന്ന് കർണാടകയിലെ തുംകൂരു ജില്ലയില്‍ പക്ഷിപ്പനി ഭീതി. രോഗം കൂടുതല്‍ പക്ഷികളിലേക്ക് പടരാതിരിക്കാൻ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി.

video
play-sharp-fill

തുംകൂരു താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് എച്ച്‌5എൻ1 വൈറസ് ബാധ മൂലമാണെന്ന് വ്യക്തമായതോടെ 33 ഗ്രാമങ്ങളില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം നല്‍കി. തുംകൂരു താലൂക്ക് പരിധിയില്‍ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളില്‍ ഏപ്രില്‍ 16നും 24നും ഇടയിലാണ് മയിലകുകള്‍ ചത്തത്.

കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ജഡങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആണ് പക്ഷിപ്പനി (എച്ച്‌5എൻ1) സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് 33 ഗ്രാമങ്ങളില്‍ 10 കിലോമീറ്റർ പരിധിയില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയില്‍ അണുനാശിനി സ്പ്രേ ചെയ്യാനുള്ള നിർദേശവും അധികൃതർക്ക് നല്‍കിയിട്ടുണ്ട്. രോഗബാധ മറ്റ് പക്ഷികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തുംകൂരു ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ ശശിധരൻ ജിആർ അറിയിച്ചു.

സമീപത്തെ കോഴിഫാമുകളാണ് വൈറസ് വ്യാപനത്തിൻ്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. കോഴിഫാം ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ബോധവല്‍കരണം നടത്തിയ അധികൃതർ, പക്ഷികളുടെ സാംപിളുകള്‍ ശേഖരിക്കുന്ന നടപടികളിലേക്കും കടന്നു. നിയന്ത്രണങ്ങളുള്ള മേഖലകളിലേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.