Spread the love

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തില്‍ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസില്‍ നിന്ന് പുറത്താക്കി. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജബല്‍പൂരിലെ ബർഗി ഡാമിന്റെ റിസർവോയറില്‍ നടന്ന അപകടത്തില്‍ കാണാതായ നാല് പേർക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

video
play-sharp-fill

അപകടസമയത്ത് കാലാവസ്ഥ പെട്ടെന്ന് മോശമായതോടെയാണ് ബോട്ട് മറിഞ്ഞതെന്ന് ക്യാപ്റ്റൻ മഹേഷ് പട്ടേല്‍ പ്രതികരിച്ചു. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ടിലേക്ക് വെള്ളം കയറുകയും നിമിഷങ്ങൾക്കകം മുങ്ങുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് ലൈഫ് ജാക്കറ്റ് ധരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലരും അത് അവഗണിച്ചുവെന്നും മഹേഷ് പട്ടേല്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന നാല് കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞതായും കഴിഞ്ഞ മൂന്ന് ദിവസമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ 30-ാം തീയതിയാണ് നർമദ നദിയില്‍ അപകടമുണ്ടായത്. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ടില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുവരെ ഒൻപത് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 28 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, കരസേന സംഘങ്ങൾ ചേർന്ന് തെരച്ചില്‍ തുടരുകയാണ്. സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന സർക്കാർ അന്വേഷണത്തിനും സമാന ബോട്ടുകളുടെ സർവീസ് താത്കാലികമായി നിർത്തിവെക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group