പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
മെക്സിക്കോ സിറ്റി : പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന.
മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രില്‍ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാള്‍ തന്നെയാണ്. എവിടെ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെക്സിക്കോയിലെ കോഴിഫാമുകളില്‍ H5N2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലെ H5N1 പടർച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകർച്ചാ സാധ്യതകള്‍ കുറവാണെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി. 59കാരന് വൈറസ് ബാധയേല്‍ക്കാനുള്ള ഉറവിടത്തേക്കുറിച്ച് ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് മെക്സിക്കോയിലെ ആരോഗ്യവകുപ്പും വിശദമാക്കുന്നത്. കോഴി ഫാമുകളില്‍ നിന്നോ മറ്റേതെങ്കിലും തരത്തില്‍ മൃഗങ്ങളുമായി 59 കാരൻ സമ്ബർക്കത്തില്‍ വന്നതായി കണ്ടെത്താനായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ക്ക് ടെപ്പ് 2 പ്രമേഹവും വൃക്ക തകരാറും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മാർച്ച് മാസത്തില്‍ മെക്സിക്കോയിലെ മിച്ചോകാൻ സംസ്ഥാനത്ത് ഒരു കുടുംബത്തില്‍ H5N2 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മനുഷ്യരിലേക്ക് പകരില്ലെന്ന നിരീക്ഷണത്തില്‍ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഏപ്രിലിലുണ്ടായ മരണത്തോടെ മെക്സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു.
59കാരനുമായി സമ്ബർക്കത്തില്‍ വന്നവർക്ക് പക്ഷിപ്പനി ബാധിച്ചിട്ടില്ല. സീല്‍, റക്കൂണ്‍, കരടി, പശുക്കള്‍ എന്നീ മൃഗങ്ങളിലാണ് പക്ഷിപ്പനി ബാധിച്ച സസ്തനികള്‍. വൈറസുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ശാസ്ത്രജ്ഞർ നല്‍കുന്ന മുന്നറിയിപ്പ്.