ബൈക്ക് യാത്രക്കാരായ സ്ത്രീകൾ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുക: ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ മരിച്ച യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്: ചെറിയ അപകടം വലിയ ദുരന്തമായി മാറിയത് ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന്: അമ്മയെ കാത്തിരുന്ന അഞ്ചു വയസുകാരന്റെ മുന്നിലേയ്ക്ക് ശ്രീജ ഇനിയെത്തുക കണ്ണ് തുറക്കാതെ

ബൈക്ക് യാത്രക്കാരായ സ്ത്രീകൾ ഈ വാർത്ത ഒന്ന് ശ്രദ്ധിക്കുക: ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ മരിച്ച യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്: ചെറിയ അപകടം വലിയ ദുരന്തമായി മാറിയത് ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന്: അമ്മയെ കാത്തിരുന്ന അഞ്ചു വയസുകാരന്റെ മുന്നിലേയ്ക്ക് ശ്രീജ ഇനിയെത്തുക കണ്ണ് തുറക്കാതെ

തേർഡ് ഐ ബ്യൂറോ
കോട്ടയം: സന്ധ്യമയങ്ങും മുൻപ് വീട്ടിലെത്താൻ ഒരൽപം വേഗത്തിൽ പാഞ്ഞ ശ്രീജയുടെ ശ്രദ്ധ ഒരൽപം പാളി. നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയുടെ മുന്നിൽ ചെറുതായി ഒന്ന് തട്ടി. റോഡിൽ ഒന്ന് വീണ് കയ്യോ കാലോ മുറിയുകയും, ചതയുകയോ ചെയ്യേണ്ട ഒരു അപകടം ശ്രീജയുടെ ജീവനെടുത്തത് അതി ദാരുണമായാണ്. തലയിൽ സുരക്ഷയ്ക്കായി ഹെൽമറ്റില്ലാതിരുന്നതിനെ തുടർന്ന് തലയടിച്ച് റോഡിൽ വീണതാണ് ശ്രീജയുടെ ജീവൻ എടുക്കാൻ ഇടയാക്കിയത്. ഹെൽമറ്റ് തലയിലുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, അപകടത്തിൽ നിന്നും ശ്രീജ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടേനെ..! പക്ഷേ, കാത്തിരുന്ന ദുരന്തത്തിൽ നിന്നും ശ്രീജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല. അമ്മയെ കാത്തിരുന്ന അഞ്ചു വയസുകാരൻ അഭിനവിന്റെ മുന്നിലേയ്ക്ക് ചേതനയറ്റ ശരീരമായാവും ഇനി അവന്റെ അമ്മ ശ്രീജ എത്തുക.  പനമ്പാലം കോലേട്ടമ്പലം ക്ഷേത്രത്തിനു സമീപത്തെ പാലത്തിനു സമീപം ഉണ്ടായ അപകടത്തിലാണ് തൃക്കോതമംലഗം താഴക്കാലായിൽ മഹേഷിന്റെ ഭാര്യ ശ്രീജ (31) വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മരിച്ചത്.
കല്ലറ മറവൻതുരുത്തിന് സമീപമാണ് ശ്രീജയുടെ കുടുംബം. ശ്രീജയെ വിവാഹം കഴിച്ചിരിക്കുന്നത് ദേവസ്വം ബോർഡിലെ ഇലക്ട്രിക്കൽ ജോലികൾ കരാർ എടുത്ത് ചെയ്യുന്ന മഹേഷാണ്. കല്ലറയിലെ ശ്രീകുമാർ ഭവൻ വീട്ടിൽ ശ്രീജയുടെ അമ്മ ചെല്ലമ്മയും, അച്ഛൻ കുമാരനും മാത്രമാണ് ഉള്ളത്. ഇവിടെ വീടിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ഇത് വിലയിരുത്തുന്നതിനു വേണ്ടിയാണ് ശ്രീജ ഇന്നലെ രാവിലെ വീട്ടിലെത്തിയത്. വൈകിട്ട് മകനെ കാണുന്നതിനു വേണ്ടിയാണ് നാലരയോടെ ശ്രീജ കല്ലറയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. നേരം വൈകിയതിനാൽ അൽപം വേഗത്തിലായിരുന്നു ശ്രീജ ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ ഗാന്ധിനഗർ പൊലീസിൽ മൊഴി നൽകി. കോലേട്ടമ്പലത്തിനു സമീപത്തെ പാലത്തിൽ വച്ച് മറ്റൊരു വാഹനത്തെ മറികടന്ന് പോയ ശ്രീജയുടെ സ്‌കൂട്ടർ ലോറിയുടെ മുന്നിൽ തട്ടുകയായിരുന്നു. ഇടിയെ ത്ുടർന്ന് നിയന്ത്രണം നഷ്ടമായി ശ്രീജയുടെ സ്‌കൂട്ടർ റോഡരികിലേയ്ക്ക് മറിഞ്ഞു വീണു. സാധാരണ പോലെ ചെറിയൊരു വീഴ്ച മാത്രമായിരുന്നു ഉണ്ടായത്. പക്ഷേ, വീഴ്ചയുടെ ആഘാതത്തിൽ റോഡിൽ തല ഇടിച്ചു. ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു അപകടമായിരുന്നു അത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ശ്രീജയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകൻ അഞ്ചു വയസുകാരൻ അഭിനവ്.
അപകടത്തിനിടയാക്കിയ റാണി റൈസിന്റെ ലോറി ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരം മലരിക്കലിൽ നിന്നും റാണി റൈസിലേയ്ക്ക് നെല്ലിന്റെ ലോഡുമായി പോകുകയായിരുന്നു ലോറി. ലോറി ഡ്രൈവർ ആലപ്പുഴ സ്വദേശിയും ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയുമായ സുരേഷ് കുമാറിനെ (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷ് കുമാറിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു.
അപകട വാർത്ത ഇവിടെ വായിക്കാം