ബിഗ് ബസാറിനു മുന്നിൽ തട്ടും മുട്ടും പതിവ്: കുരുക്കൊഴിവാക്കാൻ നടപടി സ്വീകരിക്കാതെ ബിഗ് ബസാർ അധികൃതർ; വഴിതിരിച്ച് വിടേണ്ട ഓൾഡ് മാർക്കറ്റ് റോഡിൽ അനധികൃത പാർക്കിംങുമായി ഓട്ടോഡ്രൈവർമാരും; ഓൾഡ് മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിംങും ടിബി റോഡിനെ കുരുക്കുന്നു

ബിഗ് ബസാറിനു മുന്നിൽ തട്ടും മുട്ടും പതിവ്: കുരുക്കൊഴിവാക്കാൻ നടപടി സ്വീകരിക്കാതെ ബിഗ് ബസാർ അധികൃതർ; വഴിതിരിച്ച് വിടേണ്ട ഓൾഡ് മാർക്കറ്റ് റോഡിൽ അനധികൃത പാർക്കിംങുമായി ഓട്ടോഡ്രൈവർമാരും; ഓൾഡ് മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിംങും ടിബി റോഡിനെ കുരുക്കുന്നു

സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തെ കുരുക്കുന്ന ബിഗ് ബസാറിനു മുന്നിൽ കുരുക്ക് കൂടാതെ വാഹനങ്ങളും തട്ടും മുട്ടും പതിവാകുന്നു. ബിഗ് ബസാറിനു മുന്നിലെ ഫുട്പാത്തിലേയ്ക്ക് കയറ്റി വാഹനം നിർത്തി യാത്രക്കാരെ ഇറക്കാതിരിക്കാനായി ഫുട്പാത്തിൽ തന്നെ രണ്ട് വള്ളി വലിച്ചു കെട്ടുക കൂടി ചെയ്തതോടെ ബിഗ്ബസാറിനു മുന്നിലെ കുരുക്ക് രണ്ടിരട്ടിയായി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ബിഗ്ബസാറിനു മുന്നിൽ വാഹനങ്ങളും തട്ടും മുട്ടും പതിവാകുന്നത്. ഇതു കൂടി ചേരുന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ഇതിനിടെയാണ് നഗരത്തിലെ കുരുക്കിൽപ്പെടാതെ മാർക്കറ്റിനുള്ളിലൂടെ ഇരുചക്ര വാഹന യാത്രക്കാർക്ക് എങ്കിലും രക്ഷപെടാൻ വഴിയൊരുക്കുന്ന പഴയപച്ചക്കറി മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്ക്.
ഇവിടെ ഓട്ടോറിക്ഷകൾ സ്വന്തം നിലയിൽ അനധികൃത സ്റ്റാൻഡ് നിർമ്മിച്ച് പാർക്ക് ചെയ്യുന്നതോടെയാണ് ഈ വഴിയിലും കുരുക്കുണ്ടാകുന്നത്. ഇതും നഗരത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്.
ബിഗ് ബസാറിലെ ഓഫർ ആരംഭിച്ചതോടെയാണ് ടിബി റോഡിൽ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ടിബി റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങളെല്ലാം ഈ ഗതാഗതക്കുരുക്കിൽപ്പെടുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ബിഗ് ബസാറാണ് ഇവിടെ പ്രധാനമായും കുരുക്കുണ്ടാക്കുന്നത്. എന്നാൽ, ബിഗ് ബസാറിലേയ്ക്ക് എത്തും മുൻപ് അനുപമ തീയറ്ററിന് എതിർവശത്തുള്ള ഓൾഡ് മാർക്കറ്റ് റോഡാണ് ഇപ്പോഴത്തെ കുരുക്കിനെ കൂട്ടക്കുഴപ്പത്തിലാക്കുന്ന മറ്റൊരു കേന്ദ്രം. ഈ റോഡിൽ കയറിവരുമ്പോൾ തന്നെ ഇടത് വശത്ത് അനധികൃതമായ ഓട്ടോസ്റ്റാൻഡുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ പൊലീസിന്റയോ മറ്റ് അധികാരികളുടേയോ അനുവാദമില്ലാതെ പച്ചക്കറിക്കടയുടെ മുന്നിലായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിട്ടിരിക്കും. ഇവരോടൊപ്പം കാറുകളും മറ്റു വാഹനങ്ങളും വന്നു നിരക്കുന്നതോടെ ഓൾഡ് മാർക്കറ്റ് റോഡ് കുരുങ്ങുന്നതിനു മറ്റു കാരണങ്ങളൊന്നും തേടി പോകേണ്ട കാര്യമേയില്ല.
ഇതിനിടയിലൂടെ വേണം മാർക്കറ്റിനുള്ളിലേയ്ക്കും, ഇവിടുത്തെ നഗരസഭയുടെ പാർക്കിംങ് ഗ്രൗണ്ടിലേയ്ക്കും, പുറത്തേയ്ക്കുമുള്ള വാഹനങ്ങളെല്ലാം കടന്നു പോകേണ്ടത്. വൈകുന്നേരമാകുന്നതോടെ ഇവിടെ ബജിക്കടക്കാരും, തട്ടുകാരും എല്ലാം വന്നു നിറയും. ഇതോടെ കുരുക്കിന്റെ തോത് പൂർണമാകും. ബിഗ് ബസാറിനു മുന്നിൽ കുരുക്ക് രൂക്ഷമാകുമ്പോൾ നഗരത്തിൽ നിന്നും ഇരുചക്ര വാഹനയാത്രക്കാർക്ക് അടക്കം രക്ഷപെടാനുള്ള ചെറിയൊരുവഴിയാണ് ഇത്തരത്തിൽ അനധികൃത കയ്യേറ്റക്കാരും ഓട്ടോഡ്രൈവർമാരും ചേർന്ന് തട്ടിയെടുത്തിരിക്കുന്നത്. ഇത്തരം കയ്യേറ്റം ഒഴിപ്പിക്കുന്നതിായി ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പൊലീസ് അധികൃതർ ഈ അനധികൃത പാർക്കിംങ് ഒഴിവാക്കി ഈ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.