play-sharp-fill
രാജ്യത്തെ നയിച്ച സാമ്പത്തിക വിദഗ്ധന് വിട ; ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍ ; സ്മാരകത്തിന് സ്ഥലം അനുവദിക്കാത്തതിൽ പ്രതിഷേധം

രാജ്യത്തെ നയിച്ച സാമ്പത്തിക വിദഗ്ധന് വിട ; ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍ ; സ്മാരകത്തിന് സ്ഥലം അനുവദിക്കാത്തതിൽ പ്രതിഷേധം

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. പകൽ 11.45ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്ഘട്ടിൽ സംസ്കാരം നടത്താത്തതിൽ വിവിധ കോണുകളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മൻമോഹൻ സിങിനായി നിർമിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ സംസ്കാരം നടത്താത്തതിൽ കടുത്ത അമർഷത്തിലാണ് കോൺഗ്രസ്. കേന്ദ്ര സർക്കാർ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടു. ഇതിൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സ‍ർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് സുഖ്ബീർ സിങ് ബാദലും വിമ‍ർശിച്ചു. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group