ഭരണം അവസാനിക്കാൻ ഇനി ഏഴ് മാസം ; തെരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാനൊരുങ്ങി നഗരസഭ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണം അവസാനിക്കാൻ ഇനി ഏഴ് മാസം മാത്രം.തെരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാൻ നെട്ടോട്ടമോടുകയാണ് നഗരസഭ.സംസ്ഥാന ഭരണം പ്രയോജനപ്പെടുത്തി എത്രയും വേഗം പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും വാങ്ങാനാണ് നഗരസഭയുടെ തീരുമാനം.
സാങ്കേതികാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകുന്നത് കൊണ്ടാണ് പദ്ധതി നടത്തിപ്പ് വൈകുന്നതെന്നാണ് മേയർ വിളിച്ച് ചേർത്ത യോഗത്തിൽ സ്മാർട്ട് സിറ്റി അധികൃതർ നൽകിയ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനെ മറികടക്കാനാണ് നഗരസഭയുടെ ആലോചന. രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി സമാർട്ട് സിറ്റി അധികൃതരുമായി ചർച്ച നടത്തും. മേയറുടെ ആവശ്യ പ്രകാരമാണ് മന്ത്രിയുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടക്കുന്നത്.
നഗരസഭ ഭരണം അവസാനിക്കാൻ ഇനി ഏഴ് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനുള്ളിൽ സ്മാർട്ട് സിറ്റി പദ്ധതികൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് ഭരണസമിതിയുടെ താത്പര്യം. എന്നാൽ ഇനി ഒന്നര വർഷം ഉണ്ടെന്നും അതിനുള്ളിൽ മാത്രമേ പദ്ധതി തീർക്കാൻ പറ്റുകയുള്ളൂവെന്നുമാണ് സ്മാർട്ട് സിറ്റി അധികൃതർ പറയുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് ചെറിയ പദ്ധതികളെല്ലാം പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. രണ്ട് കോടി വരെയുള്ള പദ്ധതികളുടെ നടത്തിപ്പിനുള്ള സാങ്കേതികാനുമതി നഗരസഭയുടെ എൻജിനീയറിംഗ് വിഭാഗത്തിന്റെ അനുമതി മതിയാകും.അത് എത്രയും വേഗത്തിലാക്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
മുഴുവൻ പദ്ധതിയുടെ 11 ശതമാനം മാത്രമാണ് സ്മാർട്ട് സിറ്റി ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. ബസ് ഷെൽട്ടർ പണിയുന്നതടക്കമുള്ള കൊച്ചു പദ്ധതികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ സ്മാർട്ട് സിറ്റി അധികൃതർക്കാകുന്നില്ല.
ഭരണാനുമതിക്കും സാങ്കേതികാനുമതിക്കും വിവിധ വകുപ്പുകളിൽ ഫയൽ കൈമാറിയ ശേഷം അതിന്റെ തുടർ നീക്കങ്ങൾ അന്വേഷിക്കാൻ സ്മാർട്ട് സിറ്റികാർക്ക് മടിയാണെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഫയൽ കൈമാറിയാൽ പിന്നെ എന്നെങ്കിലും അനുമതി ലഭിക്കുന്നത് വരെ കാത്തിരിപ്പാണ്. എന്നാൽ ഫയലുകൾ അനങ്ങത്തുമില്ല. നഗരസഭ ചോദിക്കുമ്പോ ഫയൽ ഓരോ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് വിശദീകരണമാണ് നൽകുന്നത്.