ഭാര്യയുമായുള്ള വഴക്ക് : അരിശം തീർക്കാൻ മൂന്നര വയസ്സുള്ള മകളെ വെള്ളത്തിൽ മുക്കിക്കൊന്നു
സ്വന്തം ലേഖകൻ
നാഗർകോവിൽ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് അരിശം തീർക്കാൻ മൂന്നരവയസ്സുകാരി മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു.ഏഴുവയസ്സുകാരനായ മകനെയാണ് ആദ്യം കൊല്ലാൻ ശ്രമിച്ചതെങ്കിലും ഭാര്യ ഇടപെട്ടതിനെ തുടർന്ന് ആ ശ്രമം പരാജയപ്പെട്ടു.പിന്നാലെയാണ് മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു.
അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ശെന്തിൽ കുമാർ(42) ക്രൂരകൃത്യങ്ങൾ നടത്തിയ ശേഷം ഒളിവിൽപ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മയിലാടി പഞ്ചായത്തിലെ കുടിവെള്ളവിതരണ ജീവനക്കാരനായ ശെന്തിൽ, ഭാര്യ രാമലക്ഷ്മിയുമായി പണയം വച്ച ആഭരണത്തെച്ചൊല്ലി വഴക്കിട്ടശേഷം പുറത്തുപോയി അല്പസമയത്തിനുള്ളിൽ മകൻ ശ്യാം സുന്ദറി(7)നെ കാണാതാകുകയായിരുന്നു.
മകനെ അന്വേഷിച്ച് രാമലക്ഷ്മി ശെന്തിലിന്റെ അച്ഛനും അമ്മയും താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെത്തിയപ്പോൾ, കുട്ടിയെ കഴുത്തിൽ കയർ മുറുകി ബോധംകെട്ട നിലയിൽ കണ്ടു. ഈസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മകനെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രാമലക്ഷ്മി, ശെന്തിലിനെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തില്ല. വീട്ടിൽ മകൾ സഞ്ജന ഒറ്റയ്ക്കായതിനാൽ അയൽവാസിയെ വിളിച്ച് വിവരം പറഞ്ഞു.
അവർ എത്തിയപ്പോൾ വീട്
പൂട്ടിയിട്ടിരിക്കുകയായിരുന്നു. കതകു പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്.
മകനെ കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യ കുട്ടിയെ തിരക്കിവരുന്നതു കണ്ട ശെന്തിൽ, അവിടെനിന്നു കടന്ന് വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഞ്ചുഗ്രാമം പോലീസ് പറയുന്നു.
ശെന്തിൽ മകനെ വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതും അല്പസമയം കഴിഞ്ഞ് ഒറ്റയ്ക്കു പുറത്തിറങ്ങുന്നതുമായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഇയാൾ മയിലാടിയിൽനിന്ന് വാടകക്കാറിൽ തിരുനെൽവേലിക്കു കടന്നതായി പോലീസിനു വിവരം ലഭിച്ചു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.