വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റം ; സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ; പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. ഇതിന് പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. 2018ല്‍ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനഃസ്ഥാപിക്കാനാണ് നീക്കം. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. സ്വവര്‍ഗ്ഗ വിവാഹത്തിന് സുപ്രീംകോടതി നിയമ സാധുത നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ഐപിസി, സിആര്‍പിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തില്‍ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേര്‍ക്കാൻ പരിഗണിക്കുന്നത്. അതിവേഗം ഇത് നിയമമാക്കുകായണ് കേന്ദ്ര നീക്കം. പ്രതിപക്ഷം ഇതിനെ ശക്തമായി എതിര്‍ക്കാൻ സാധ്യത ഏറെയാണ്. ഈ വിഷയം ഇന്ത്യാ മുന്നണിയില്‍ ചര്‍ച്ചയാകാനും സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിലാണ് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിലവില്‍ ഈ ബില്ലുകള്‍ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഈ യോഗത്തില്‍ പ്രതിപക്ഷ നിലപാട് നിര്‍ണ്ണായകമാകും.
ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളില്‍ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയമായിരുന്നു നല്‍കിയത്. വെള്ളിയാഴ്ച സമിതി യോഗം ചേര്‍ന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു. നവംബര്‍ ആറിനാണ് അടുത്ത യോഗം.
2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നു വിധിച്ചത്. എന്നാല്‍ ഇത് സിവില്‍ നിയമലംഘനമായി കണക്കാക്കാമെന്നും വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഭാര്യ ഭര്‍ത്താവിന്റെ അടിമയാണെന്ന കൊളോണിയല്‍ സങ്കല്‍പത്തില്‍നിന്നാണ് 163 വര്‍ഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഈ നിയമമാണ് വീണ്ടും തിരിച്ചു കൊണ്ടു വരാനുള്ള നീക്കം.
സുപ്രീം കോടതി വിധി പരിഗണിച്ച് വിവാഹേതര ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗിക ബന്ധം തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഭാരതീയ ശിക്ഷാ നിയമത്തില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. 2018ലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ഇവ രണ്ടും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
ഇത് പരിഗണിച്ച് ഐ പി സിയിലെ ഈ നിയമങ്ങള്‍ ഭാരതീയ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഭാരതീയ ശിക്ഷാനിയമം അവലോകനം ചെയ്ത പാര്‍ലിമെന്ററി സമിതി യോഗത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ആവശ്യം ചില അംഗങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമിതിയിലെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിവാഹേതര ലൈംഗികബന്ധം, ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗരതി എന്നിവ കുറ്റകരമാക്കുന്നതിന് ലിംഗ നിഷ്പക്ഷമായ വ്യവസ്ഥ കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെടുന്നു.
വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാൻ മാത്രമേ ഐ പി സി 497ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശിപാര്‍ശയാണ് പാര്‍ലിമെന്ററി സിമിതി നല്‍കിയത്.
സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിയ ഐ പി സി സെക്ഷൻ 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിന് ശേഷവും ഉഭയസമ്മതപ്രകാരം അല്ലാത്ത സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍, ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാൻ വ്യവസ്ഥ ഇല്ല. ഇക്കാര്യം പരിഹരിക്കണമെന്നാണ് സമിതി കരട് റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.