മദ്യത്തിൻറെ വില വർദ്ധിക്കും, വില കുറഞ്ഞ മദ്യം കിട്ടാതെവരും; വിൽപ്പന കൂടുതലുള്ള മദ്യവിതരണ കമ്പനികളിൽ നിന്നും കൂടുതൽ വിഹിതം ഈടാക്കാൻ ബിവറേജസ് കോർപ്പറേഷൻ

മദ്യത്തിൻറെ വില വർദ്ധിക്കും, വില കുറഞ്ഞ മദ്യം കിട്ടാതെവരും; വിൽപ്പന കൂടുതലുള്ള മദ്യവിതരണ കമ്പനികളിൽ നിന്നും കൂടുതൽ വിഹിതം ഈടാക്കാൻ ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ വിൽപ്പന കൂടുതലുള്ള മദ്യവിതരണ കമ്പനികളിൽ നിന്നും സ്ലാബ് അടിസ്ഥാനത്തിൽ, കൂടുതൽ വിഹിതം ഈടാക്കാൻ ബിവറേജസ് കോർപ്പറേഷൻ ഒരുങ്ങുന്നു. ഈ വിഷയം അടക്കമുള്ള പരിഷ്കാര നടപടികൾ ഉൾപ്പെടുത്തിയ പർച്ചേസ് കരാറിന് ബവ്കോ ടെണ്ടർ ക്ഷണിച്ചു.

ഇപ്പോൾ ബവ്കോയുടെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ നീക്കത്തിൽ മദ്യത്തിൻറെ വില വർദ്ധിക്കാനും, വില കുറഞ്ഞ മദ്യം കിട്ടാതെവരാനും സാധ്യത ഉള്ളതായും വിമർശനമുയരുന്നുണ്ട്. എന്നാൽ കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കാനും, വരുമാന നഷ്ടം തടയാനുമാണ് പുതിയ പരിഷകാരമെന്നാണ് ബവ്കോയുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനികളിൽ നിന്നും വെയർ ഹൗസിലെത്തുന്ന മദ്യം വിൽപ്പനശാലകളിലൂടെ വിൽക്കുന്നതിനാണ് ക്യാഷ് ഡിസ്കൗണ്ട് എന്ന പേരിൽ കമ്പനികളിൽ നിന്നും, ബവ്കോ വിഹിതം ഈടാക്കുന്നത്.

നിലവിൽ വിൽപ്പനയുടെ 21 ശതമാനം വരെ ബവ്കോക്ക് ഈടാക്കാം. എന്നാൽ ജനപ്രിയ ബ്രാൻഡുകളിൽ നിന്ന് 7 ശതമാനം മാത്രമാണ് ഈടാക്കുന്നത്. ഇത് വലിയ വരുമാന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ 1 മുതൽ കാര്യമായ മാറ്റം വരുത്താനാണ് ബവ്കോ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് ബ്രാൻഡി, റം, വിസ്കി, വോഡ്ക, ജിൻ എന്നിവയുടെ വിൽപ്പനക്ക് പതിനായിരം കെയ്‍സ് വരെ കമ്പനികൾ പത്ത് ശതമാനം വിഹിതം ബവ്കോക്ക് നൽകണം.

പതിനായിരം കെയ്സിന് മുകളിൽ വിറ്റ് പോയാൽ 20 ശതമാനം വിഹിതം നൽകണം. ബിയറിൻറെ വിൽപ്പനക്ക് മൂന്ന് സ്ളാബുകളാണ് തയ്യറാക്കിയിരിക്കുന്നത്.പതിനായിരം കെയ്സ് വരെ 10 ശതമാനം, പതിനായിരത്തിന് മുകളിൽ ഇരുപത് ശതമാനം, ഒരു ലക്ഷം കെയ്സിന് മുകളിൽ 30 ശതമാനം വിഹിതം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

വരുന്ന സാമ്പത്തിക വർഷം മുതൽ എക്സൈസ് ഡ്യൂട്ടി മദ്യവിതരണ കമ്പനികൾ തന്നെ മുൻകൂട്ടി അടക്കണം. ഇതിനു പുറമേ, കുപ്പികളിൽ ഹോളോഗ്രാം പതിക്കുന്നതും കമ്പനികൾ നേരിട്ട് നടപ്പാക്കണം. ക്യാഷ് ഡിസ്കൗണ്ട് ഉൾപ്പെടെ അധിക ബാധ്യത മറികടക്കാൻ വില വർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്ന് കമ്പനികൾ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ബിയറിന് ഇനി കുറഞ്ഞ വില 160 രൂപയെങ്കിലുമാകുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബവ്കോ ചൂണ്ടിക്കാട്ടുന്നു. മദ്യവിൽപ്പനയുടെ കുത്തക അടക്കിവച്ചിരിക്കുന്ന കമ്പനികളുടെ ചൂഷണം ഒഴിവാക്കാനുള്ള നടപടിയാണിതെന്നും, വില കുറഞ്ഞ പുതിയ ബ്രാൻഡുകൾ രംഗത്ത് വരുമെന്നും ബവ്കോ വിശദീകരിക്കുന്നു. പരിഷ്കരണനടപടികൾ ചർച്ച ചെയ്യാൻ മദ്യവിതരണ കമ്പനികളുടെ യോഗം അടുത്തയാഴ്ച ചേരുമെന്നും ബവ്കോ അറിയിക്കുന്നു.