നായനാർ കാർ ലേലത്തിന് : മെഴ്‌സിഡസ് ബെൻസ് ലേലത്തിന് വെയ്ക്കുന്നത് നാലാം തവണ

നായനാർ കാർ ലേലത്തിന് : മെഴ്‌സിഡസ് ബെൻസ് ലേലത്തിന് വെയ്ക്കുന്നത് നാലാം തവണ

 

സ്വന്തം ലേഖകൻ

കൊച്ചി: ഇ.കെ. നായനാർ ഉപയോഗിച്ചിരുന്ന വാഹനം ലേലത്തിന് . ഇ.കെ. നായനാരുടെ ഓർമ്മകളുള്ള 98 മോഡൽ മെഴ്‌സിഡസ് ബെൻസ് കാറാണ് വീണ്ടും ലേലത്തിന് വെച്ചിരിക്കുന്നത്

നായനാർ 96 ൽ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ കാർ ഉപയോഗിച്ചിരുന്നത്. ഈ കാറിനെ ‘നായനാർ കാർ’ എന്ന് വിളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.കെ നായാനാരുടെ പ്രിയപ്പെട്ട കാർ അംബാസഡർ ആയിരുന്നു. എന്നാൽ അത് മാറ്റി മെഴ്‌സിഡസ് ബെൻസ് ആക്കാൻ അദ്ദേഹത്തെ ഉപദേശിച്ചത് മറ്റാരുമല്ല മണ്മറഞ്ഞ കോൺഗ്രസ് നേതാവ് കെ.കരുണാകരനാണ്. നായനാരുടെ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ കണക്കിലെടുത്താണ് കരുണാകരൻ അംബാസഡർ മാറ്റി മെഴ്‌സിഡസ് ബെൻസ് ആക്കാൻ നായനാരെ ഉപദേശിച്ചത്.

എന്നാൽ 2001 ൽ മുഖ്യമന്ത്രി കസേരയിലെത്തിയ എ.കെ.ആന്റണി ഈ ബെൻസ് കാർ ഉപയോഗിച്ചില്ല. ശേഷം സംസ്ഥാനത്ത് എത്തുന്ന വിഐപികളായ അതിഥികളുടെ സഞ്ചാരത്തിനായി ഈ കാർ കുറേക്കാലം ഉപയോഗിച്ചു.

ഒടുവിൽ ലക്ഷങ്ങളുടെ അറ്റകുറ്റപ്പണിയാകുമെന്ന അവസ്ഥയായപ്പോൾ കാറിൻറെ ഉപയോഗം അവസാനിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തുനിന്നും കാർ ആലുവയിലെത്തിച്ചു.

കഴിഞ്ഞ ഏഴുവർഷമായി ഈ കാർ ടൂറിസം വകുപ്പിൻറെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജിലാണ്. രണ്ടുലക്ഷം രൂപ വിലയിട്ട് ലേലം ചെയ്തിട്ടും വിറ്റുപോകാത്ത ഈ കാർ ഇപ്പോൾ ശരിക്കും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

ആദ്യ ലേലസമയത്ത് അറ്റകുറ്റപ്പണികൾ നടത്തിയാൽ ഓടിക്കാൻ കഴിയുമായിരുന്ന കാർ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ പ്രളയത്തിൽ ചെളികയറി കാറിൻറെ എഞ്ചിൻ തകരാറിലായി. ഇനി ഈ കാറിന് ഇരുമ്പു വില മാത്രമേ കിട്ടു. കാരണം ഇനി ഈ വണ്ടി വാഹനങ്ങൾ പൊളിച്ച് വിൽക്കുന്നവർ മാത്രമേ എടുക്കു.

അതിലും രസമെന്നു പറയുന്നത് ഈ കാർ ഇത് നാലാമത്തെ തവണയാണ് ലേലത്തിനു വെച്ചിരിക്കുന്നത് എന്നതാണ്. വില കിട്ടിയിരുന്നപ്പോൾ തന്നെ വിറ്റിരുന്നുവെങ്കിൽ ആർക്കെങ്കിലും ഉപയോഗമായേനെ.