ബംഗാളിൽ കൂട്ട്; കേരളത്തിൽ വെട്ട്: അന്തം വിട്ട് രാഹുൽ…!

ബംഗാളിൽ കൂട്ട്; കേരളത്തിൽ വെട്ട്: അന്തം വിട്ട് രാഹുൽ…!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാളിൽ കൈ കോർത്ത സിപിഎമ്മിനെ കേരളത്തിലെത്തി എതിർത്ത് രാഹുൽഗാന്ധി. കാസർകോട് കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകൾ സന്ദർശിച്ച ശേഷം രാഹുൽഗാന്ധി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഡൽഹിയിലും ബംഗാളിലും കൈ കോർത്തു നിൽക്കുന്ന സിപിഎമ്മിനെതിരെ കേരളത്തിലെത്തുമ്പോൾ ആഞ്ഞടിക്കുകയാണ് രാഹുൽ ഗാന്ധി. ഇത് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി ബിജെപി അടക്കമുള്ള കക്ഷികൾ രംഗത്ത് എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച കാസർകോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്.
കൃപേഷിന്റെയും, ശരത് ലാലിന്റെയും വീട്ടിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി പത്തു മിനിറ്റോളം രണ്ടു വീട്ടിലും ചിലവഴിക്കുകയും ചെയ്തു. കൊടുംകുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, യുപിഎ സർക്കാർ അധികാരത്തിൽ എത്തിയാൽ ഉടൻ തന്നെ കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ചു തീരുമാനം എടുക്കുമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി എത്തുന്നത് അറിഞ്ഞ് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. ഇവരോട് സംവദിക്കാനും രാഹുൽ ഗാന്ധി സമയം കണ്ടെത്തി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വീട്ടിലെത്തിയില്ലെന്നും. ഈ സ്ഥാനത്ത് രാഹുൽ ഗാന്ധി വീട്ടിലൈത്തിയത് സന്തോഷം നൽകുന്നതാണെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. തുടർന്ന് കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവുമായും രാഹുൽഗാന്ധി സംസാരിച്ചു.