കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിൽ 1.38 കോടി രൂപയുടെ ബിനാമി വായ്പകൾ; രണ്ടു വായ്പകളും നൽകിയത് ചട്ടംലംഘിച്ച്; വായ്പ തരപ്പെടുത്തിയത് റിമാൻഡിൽ കഴിയുന്ന പ്രതി ബിജു കരീം വഴി

കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിൽ 1.38 കോടി രൂപയുടെ ബിനാമി വായ്പകൾ; രണ്ടു വായ്പകളും നൽകിയത് ചട്ടംലംഘിച്ച്; വായ്പ തരപ്പെടുത്തിയത് റിമാൻഡിൽ കഴിയുന്ന പ്രതി ബിജു കരീം വഴി

സ്വന്തം ലേഖകൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ഡിവൈഎഫ്ഐ നേതാവിന്റെയും അമ്മയുടെയും പേരിലുള്ളത് 1.38 കോടി രൂപയുടെ ബിനാമി വായ്പകൾ. സഹകരണ ഓ‍ഡിറ്റ് സംഘം പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കൂടാതെ ഇരിങ്ങാലക്കുട മാപ്രാണത്തെ ഡിവൈഎഫ്ഐ മേഖലാ നേതാവിന്റെ പേരിൽ 68.91 ലക്ഷം രൂപയുടെ വായ്പാ കുടിശികയും, ഇദ്ദേഹത്തിന്റെ അമ്മയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പേരിൽ 69.74 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ടെന്ന് കണ്ടെത്തി. രണ്ടും വായ്പകളും അനുവദിച്ചിട്ടുള്ളത് ചട്ടം ലംഘിച്ചുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് തട്ടിപ്പിൽ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ചു വ്യക്തമായ ധാരണ മുൻപേയുള്ളതിനാലാണ് ഡിവൈഎഫ്ഐ മൗനം തുടരുന്നതെന്ന ആക്ഷേപം പ്രാദേശിക പ്രവർത്തകർക്കിടയിൽ വലിയ രോഷത്തിനിടയാക്കിയിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചും ഇതിൽ സംഘടനാ നേതാക്കളുടെ പങ്കിനെക്കുറിച്ചും ഡിവൈഎഫ്ഐയുടെ പ്രാദേശിക കമ്മിറ്റികളിൽ മൂന്നു വർഷം മുൻപു ചർച്ചകൾ നടന്നിരുന്നതായി വിവരമുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറംലോകമറിയാതിരിക്കാൻ നേതാക്കൾ കർശന നിർദേശം നൽകിയതോടെ പ്രവർത്തകർ മൗനംപാലിക്കാൻ നിർബന്ധിതരായി. എന്നാൽ ഓഡിറ്റ് പരിശോധനയിൽ ഡിവൈഎഫ്ഐ മേഖാല നേതാവിന്റെയും അമ്മയുടെയും പേരടക്കം വ്യക്തമായി പരാമർശിക്കുന്നുണ്ട്.

ബാങ്കിന്റെ മുൻ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഇപ്പോൾ റിമാൻഡിൽ കഴിയുന്നയാളുമായ ബിജു കരീം വഴിക്കാണു ഡിവൈഎഫ്ഐ നേതാവും അമ്മയും 68 ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തിയത്. സഹകരണ ചട്ടപ്രകാരം ഒരാൾക്കു വായ്പയായി നൽകാവുന്ന പരമാവധി തുക 50 ലക്ഷമാണ്.

എന്നാൽ ഒരേവീട്ടിലുള്ള 2 പേർക്കും മതിപ്പുവിലയ്ക്കനുസരിച്ചുള്ള ഈടോ ഭൂരേഖകളോ ഇല്ലാതെ 68 ലക്ഷം വീതം വായ്പ അനുവദിച്ചു.

സംഘടനയിലെ അംഗങ്ങളിൽ ചിലർ ഇക്കാര്യം പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നിശബ്ദത പാലിക്കാനായിരുന്നു നിർദേശം ലഭിച്ചത്.