ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകള്‍ ഒഴിവാക്കുക ; മദ്യനയംമാറ്റിക്കാൻ ബാര്‍ ഹോട്ടലുകള്‍ രണ്ടരലക്ഷംവീതം നല്‍കണം ; ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ.
വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ എറണാകുളത്തുചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേതന്നെ ഒരു ബാർ ഹോട്ടലുകാരില്‍നിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാൻ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, പലരും പിരിവുനല്‍കിയില്ല. ഇതേത്തുടർന്നാണ് അംഗങ്ങള്‍ പിരിവുനല്‍കണമെന്ന സംഘടനയുടെ കർശനനിർദേശം നേതാവ് ഗ്രൂപ്പിലിട്ടത്.
ശബ്ദസന്ദേശം വന്നശേഷം അനിമോനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകംതന്നെ സർക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസംചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നല്‍കിയ ശുപാർശകളിലൊന്നാണിത്.
സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു.