
ബെംഗളുരുവില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍
കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്.കേസില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.തൃശൂര്‍ സ്വദേശികളായ ചാള്‍സ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരന്‍ പനോളി എന്നിവരാണ് പിടിയിലായത്.
ചാള്‍സ് മാത്യൂസിനെയും ബിനോജിനെയും എറണാകുളത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.ശക്തിധരനെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ബെംഗളുരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് (ഐസിസിഎസ്‌എല്‍) പരാതി നല്‍കിയത്.
അറസ്റ്റിലായ ചാള്‍സ് മാത്യുസും ബിനോജും ഈ സ്ഥാപനത്തിന്റെ തൃശൂരിലെ റീജണല്‍ ഓഫീസിലെ മുന്‍ ജീവനക്കാരായിരുന്നു. ഇതില്‍ ചാള്‍സ് മാത്യു മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെയും ബിനോജ് ലോണ്‍ വിഭാഗത്തിലെ മാനേജരുടെയും ചുമതലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ സ്ഥാപനം വിട്ടശേഷം ഈ കേസിലെ കൂട്ടു പ്രതിയായ ശക്തിധരന്‍ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാര്‍ മുഖാന്തരം അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശങ്ങള്‍ ഉള്‍പ്പെടെ കേസില്‍ ഹാജരാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിസിഎസ്‌എല്ലിന്റെ അതേ പേരില്‍ പ്രതികള്‍ ഒരു വ്യാജ വെബ് സൈറ്റ് സൃഷ്ടിക്കുകയും അതിലൂടെ പൊതുജനങ്ങളെയും സ്ഥാപനത്തിലെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെയും തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വെബ് സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാരതീയ ന്യായസംഹിത പ്രകാരം തട്ടിപ്പ്, വ്യാജ രേഖ ചമക്കല്‍, ബ്ലാക്ക് മെയിലിങ്ങ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.