വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖകൻ

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്ന് ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച് റിപ്പോർട്ടിന്റെ പകർപ്പ് പറയുന്നു. അപകടം സംബന്ധിച്ച അന്വേഷണം ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയിൽ സർക്കാർ സിബിഐക്ക് വിട്ടിരുന്നു. എന്നാൽ, സിബിഐക്ക് അന്വേഷണം കൈമാറുന്ന ഘട്ടത്തിൽ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയിരുന്നു.

 

 

സിബിഐക്ക് നൽകാൻ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് ഇപ്പോൾ സിബിഐ പരിശോധിച്ചുവരികയാണ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള അന്വേഷണം നടത്തിയെന്നാണ് റിപ്പോർട്ട്. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി ഉന്നയിച്ച സംശയങ്ങളെല്ലാം അന്വേഷിച്ചതായും ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുൻ കെ. നാരായണന് അമിതവേഗം കാരണം നിയന്ത്രണം വിട്ടതാണ് അപകട കാരണം.

* 25.09.2018 പുലർച്ചെ ഒരു മണിയ്ക്കാണ് ബാലഭാസ്‌കർ തൃശൂരിൽ നിന്നും പുറപ്പെട്ടത്. മൂന്നര മണിക്കൂറിനകം തന്നെ 260 കിലോമീറ്റർ ദൂരം മറികടന്നതു തന്നെ ഡ്രൈവറുടെ അമിത വേഗത വ്യക്തമാക്കുന്നു. ചാലക്കുടിയിലെ ക്യാമറയിൽ കാറിന്റെ വേഗത 95 കിലോമീറ്റർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമിത വേഗത മൂലം കാർ മരത്തിടിച്ച് തകരുകയായിരുന്നു.

 

 

*തൃശൂരിലെ ക്ഷേത്രത്തിൽ മകളുടെ പേരിൽ പൂജ നടത്തിയ ശേഷം അന്നു രാത്രി തന്നെ ബാലഭാസ്‌കർ മടങ്ങിയതിനു പിന്നിൽ ദുരൂഹതയില്ല. ചെക്ക് ഇൻ ചെയ്യുന്ന സമയത്തു തന്നെ രാത്രിയിൽ താൻ മടങ്ങുമെന്നും പകൽ മാത്രം ഉപയോഗക്കുന്നതതിനാൽ റൂം പ്രത്യേക നിരക്കിൽ നൽകണമെന്നും ബാലഭാസ്‌കർ ഹോട്ടൽ ഗരുഡയിലെ മാനേജറോട് അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ച് കുറഞ്ഞ നിരക്കിലാണ് അദ്ദേഹത്തിന് റൂം നൽകിയതെന്ന് ഹോട്ടൽ മാനേജർ മൊഴി നൽകിയിട്ടുണ്ട്.

 

 

*അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ ആരോപണം ശരിയല്ല. സോബി കണ്ടെന്ന് പറയുന്നത് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകൾ നോക്കിനടത്തുന്ന വിഷ്ണു സോമസുന്ദരം, കുടുംബസുഹൃത്ത് ലതയുടെ മകൻ ജിഷ്ണു എന്നിവരെ അപകടം നടന്നയുടനെ സംഭവസ്ഥലത്ത് കണ്ടെന്നാണ്. എന്നാൽ, വിഷ്ണു സോമസുന്ദരം ആ സമയത്ത് വിദേശത്താണെന്ന് പാസ്‌പോർട്ട് രേഖകൾ വ്യക്തമാക്കുന്നു. ജിഷ്ണു സംഭവം നടക്കുമ്പോൾ അപകടസ്ഥലത്തു നിന്ന് 22 കിലോമീറ്റർ അകലെ ബാലഭാസ്‌കറിന്റെ മാനേജർ പ്രകാശ് തമ്പിയുടെ ഇടപ്പഴഞ്ഞിയിലെ വീട്ടിലായിരുന്നെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു.

 

 

*കുടുംബസുഹൃത്ത് ലത, ഡോ. രവീന്ദ്രനാഥ് എന്നിവരുമായുള്ള സാമ്പത്തിക ഇപാടിൽ സംശയമുണ്ടെന്ന ആരോപണം ശരിയല്ല. ഇവർക്ക് ബാലഭാസ്‌കർ നൽകിയ പത്തു ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചുനൽകിയിട്ടുണ്ടെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ വ്യക്തമാക്കുന്നു.

*അന്വേഷണത്തിനായി സ്റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോ നൽകിയ വിവരമനുസരിച്ച് ഡ്രൈവർ അർജുൻ കെ. നാരായണൻ തൃശൂരിൽ മൂന്നു കേസിലും പാലക്കട് ഒരു കേസിലും പ്രതിയാണ്. ഇയാളെ നല്ല വഴിക്ക് നയിക്കാനാണ് ബാലഭാസ്‌കർ കൂടെ കൂട്ടിയത്. പ്രകാശ് തമ്പിയുടെ പേരിൽ തിരുവനന്തപുരത്ത് മൂന്ന് കേസുകളുണ്ട്.