ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രാഹുലിന്റെ ജാമ്യാപേക്ഷ; ഈ മാസം 17 ന് കോടതി പരിഗണിക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി ഈ മാസം 17 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ പൂജപ്പുര ജയിലിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ദിവസം മുമ്പ് മാത്രം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പുതിയ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബുധനാഴ്ച രാഹുലിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നേരത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെങ്കിലും വീണ്ടും ആരോഗ്യപരിശോധനക്ക് വിധേയമാക്കിയശേഷമാണ് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപണം ഉന്നയിച്ചു.