അയോദ്ധ്യ-ബാബറി മസ്ജിദ് കേസ് : രാമജന്മഭൂമി എവിടെയെന്നു കാണിക്കുന്ന മാപ്പ് കീറികളഞ്ഞ് അഭിഭാഷകൻ ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

അയോദ്ധ്യ-ബാബറി മസ്ജിദ് കേസ് : രാമജന്മഭൂമി എവിടെയെന്നു കാണിക്കുന്ന മാപ്പ് കീറികളഞ്ഞ് അഭിഭാഷകൻ ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

സ്വന്തം ലേഖിക

ന്യൂഡൽഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതർക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയിൽ പൊട്ടിത്തെറി. സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനായ രാജീവ് ധവാൻ ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ എതിർവാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച് കീറിയതോടെയാണ് സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾക്ക് തുടക്കമായത്. ഇത്തരം രേഖകൾക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാൻ ഭൂപടം കീറിയത്.

മാപ്പ് വലിച്ചുകീറിയ രാജീവിനോട് ‘വേണമെങ്കിൽ ഇനിയും അത് കീറാം’ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പരിഹാസരൂപേണ പറയുകയും ചെയ്തു. ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് തനിക്ക് കൈമാറിയ ഭൂപടം സത്യാവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു രാജീവ് ധവാൻ അത് വലിച്ചുകീറിയത്. തുടർന്ന്, ഇത്തരത്തിലുള്ള വാദങ്ങളുമായി അഭിഭാഷകർ മുന്നോട്ട് പോകുകയാണെങ്കിൽ തങ്ങൾ കോടതിയിൽ നിന്നും ഇറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് ഗോഗോയ് ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, അഭിഭാഷകരുടെ വാദങ്ങൾ കോടതിയുടെ സമയം നഷ്ടമാക്കുകയാണെന്നും ഹാജരാക്കിയ രേഖകൾ ജഡ്ജികൾ വായിക്കുന്നതാവും നല്ലതെന്നും കോടതി പറഞ്ഞു. ഇതിനിടെ അയോദ്ധ്യ കേസിലെ മദ്ധ്യസ്ഥ ചർച്ചകൾ വിജയകരമെന്ന് സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി ഇന്ന് അറിയിച്ചിട്ടുണ്ട്. അയോദ്ധ്യ കേസിലെ വാദം സുപ്രീം കോടതിയിൽ ഇന്ന് അവസാനിക്കുകയാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചാംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.