ടാക്സി ഓട്ടോ തൊഴിലാളികളോടുള്ള ഗതാഗത വകുപ്പിന്റെ വഞ്ചനാപരമായ സമീപനം അവസാനിപ്പിക്കുക: എഐടിയുസി
സ്വന്തം ലേഖിക
കോട്ടയം: ടാക്സി ഓട്ടോ തൊഴിലാളികളോടുള്ള ഗതാഗത വകുപ്പിന്റെ വഞ്ചനാപരമായ സമീപനം അവസാനിപ്പിക്കണമെന്ന് എഐടിയുസി.
ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2021 ഡിസംബർ 30-ന് കേരളത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ഓട്ടോ ടാക്സി പണിമുടക്കിന് ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രചരണ ജാഥകളടക്കം നടത്തി തൊഴിലാളികൾ ഒരുങ്ങിയതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ 29ന് വകുപ്പ് മന്ത്രി യോഗം വിളിച്ച് ചർച്ച നടത്തി ഒരു മാസത്തിനകം ചാർജ് വർദ്ധിപ്പിക്കാമെന്ന് യൂണിയൻ നേതാക്കൾക്ക് ഉറപ്പ് പറഞ്ഞതായി പത്രങ്ങളിൽ അടക്കം വാർത്ത വന്നിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് മാറ്റിവെച്ചു.
എന്നാൽ നാളിതുവരെ ചാർജ് വർദ്ധിപ്പിച്ചിട്ടില്ല. ഇത് തൊഴിലാളികളോടുള്ള വഞ്ചനാപരമായ സമീപനമാണെന്ന് കോട്ടയത്ത് പ്രസിഡന്റ് സഖാവ് സി കെ ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന കോട്ടയം ഡിസ്ട്രിക്റ്റ് പ്രൈവറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ്ങ് വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി കോട്ടയം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
അടിയന്തിരമായി സംസ്ഥാനത്ത് ഓട്ടോ ടാക്സി ചാർജ് പ്രായോഗികമായി വർധിപ്പിച്ച് നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗം അംഗീകരിച്ചു.
2022 മാർച്ച് 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന ദ്വിദിന ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവൻ പ്രവർത്തനങ്ങൾക്കും യൂണിയനും അംഗങ്ങളും നേതൃത്വം കൊടുക്കണമെന്നും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ അഡ്വ. വി കെ സന്തോഷ് കുമാർ, എം ജി ശേഖരൻ, ബി രാമചന്ദ്രൻ, എൻ എം മോഹനൻ, ടി സി ബിനോയ്, എബി കുന്നേപറമ്പിൽ, എം എം മനാഫ്, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.