play-sharp-fill
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമെന്ന പദവിയ്ക്ക് പിന്നാലെ വരുന്നത് നാടിനെ കൂപ്പുകുത്തിക്കുന്ന റിപ്പോർട്ട്; അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികൾ

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമെന്ന പദവിയ്ക്ക് പിന്നാലെ വരുന്നത് നാടിനെ കൂപ്പുകുത്തിക്കുന്ന റിപ്പോർട്ട്; അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടിയിൽ ബാലമരണങ്ങൾ തുടർക്കഥയാകുന്നു. ഈ വർഷം മാത്രം മരിച്ചത് പന്ത്രണ്ട് കുട്ടികളെന്ന് റിപ്പോർട്ട്.

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്‍റെ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെയാണ് അട്ടപ്പാടിയിൽ ഈ വർഷം പന്ത്രണ്ടാമത് ഒരു കുട്ടി കൂടി മരിച്ചതായ റിപ്പോർട്ടും പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി, ചെല്ലൻ ദമ്പതികളുടെ മകൾ ആറ് വയസ്സുള്ള ശിവരഞ്ജിനി മരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്.

ശ്വാസം മുട്ടുണ്ടായതിനെത്തുടർന്ന് ശിവരഞ്ജിനിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശിവരഞ്ജിനി ഉൾപ്പെടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേരും നവജാതശിശുക്കളാണ്. ഇന്നലെ മാത്രം അട്ടപ്പാടിയിൽ മൂന്ന് കുട്ടികളാണ് മരിച്ചത്.

നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ അഞ്ച് കുട്ടികളാണ് മരിച്ചത്. ഒരു അമ്മയും അരിവാൾ രോഗബാധിതയായി മരിച്ചു. വീട്ടിയൂർ ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ വച്ചാണ് മരിച്ചത്.

വ്യാഴാഴ്ച തൂവ ഊരിലെ വള്ളി- രാജേന്ദ്രൻ ദമ്പതികളുടെ ഒന്നരമാസം പ്രായമായ കുഞ്ഞും, കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരുന്നു.

അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ആദിവാസികൾ തന്നെ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെതിരെ പരാതികൾ വ്യാപകമാണ്.

നവജാതശിശുക്കളുടെ മരണം ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്‍റെ ജനനി – ജന്മരക്ഷാ പദ്ധതിയുടെ ആനുകൂല്യം അട്ടപ്പാടിയിലെ അമ്മമാർക്ക് കിട്ടിയിട്ട് മൂന്ന് മാസമായെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവിനൊപ്പം മൂന്ന് മാസം ശമ്പളവും കുടിശ്ശികയായതോടെ 59 താത്കാലിക ജീവനക്കാരെ ഇക്കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത് വാർത്തയായിരുന്നു.