അട്ടപ്പാടി മധു കേസ്; സാക്ഷി വിസ്താരം 20ലേക്ക് മാറ്റി; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി
സ്വന്തം ലേഖിക
പാലക്കാട്: ആള്‍ക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി ഈ മാസം 20 ലേക്ക് മാറ്റി.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരക്കോടതി തള്ളി. അഭിഭാഷകനില്‍ അവിശ്വാസം പ്രകടിപ്പിച്ച് മധുവിന്റെ കുടുംബം ഡയറക്ടറല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാക്ഷി വിസ്താരം 20 ലേക്ക് മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 20 ന് മുൻപ് വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേയോ, അല്ലെങ്കില്‍ സ്പെഷ്യല്‍ പ്രാസിക്യൂട്ടറെ മാറ്റിയതായി ഉത്തരവോ കിട്ടണം. അല്ലാത്ത പക്ഷം, 20 മുതല്‍ സാക്ഷി വിസ്താരം വീണ്ടും തുടരുമെന്നും വിചാരണക്കോടതി വ്യക്തമാക്കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് വിചാരണക്കോടതിയില്‍ പരിചയക്കുറവ് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അടിക്കടി സാാക്ഷികള്‍ കൂറുമാറിയതാണ് കുടുംബത്തിന്റെ നീക്കത്തിന് കാരണം.
പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ സഹോദരി സരസുയാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയത്.
കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയില്‍ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം. അഡീഷണല്‍ പ്രോസിക്യൂട്ടറെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേസില്‍ സാക്ഷികള്‍ പലരും ഇതിനോടകം കൂറുമാറുകയും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യത നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പത്താം സാക്ഷി ഉണ്ണികൃഷ്ണന്, പതിനൊന്നാം സാക്ഷി ചന്ദ്രന് എന്നിവര്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.