എട്ടുവയസുകാരനോട് ഇളയ്ച്ഛന്റെ ക്രൂരത; പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ്  ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു; ഇളയച്ഛൻ പൊലീസ് പിടിയിൽ

എട്ടുവയസുകാരനോട് ഇളയ്ച്ഛന്റെ ക്രൂരത; പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു; ഇളയച്ഛൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

അഞ്ചല്‍: പരീക്ഷാപേപ്പര്‍ കാണാനില്ലെന്ന കാരണം പറഞ്ഞ് അച്ഛന്റെ അനുജന്‍ ചട്ടുകം പഴുപ്പിച്ച് തുടയ്ക്ക് പൊള്ളലേല്‍പ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ ഏരൂര്‍ പുഞ്ചിരിമുക്ക് ബിജുവിലാസത്തില്‍ വിനോദി(38)നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലാം തീയതി രാത്രി ഒന്‍പതിനാണ് കുട്ടിയെ വിനോദ് പൊള്ളലേല്‍പ്പിച്ചത്.

സംഭവത്തിനുശേഷം സ്‌കൂളിലെത്താതിരുന്ന കുട്ടി പതിമൂന്നാം തീയതി സ്‌കൂളില്‍ എത്തിയിരുന്നു. എന്നാല്‍ കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി മറ്റു കുട്ടികള്‍ അധ്യാപകരെ അറിയിച്ചു. തുടര്‍ന്ന് അധ്യാപകര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തുടയിലെ പൊള്ളല്‍ എൽപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വിവരം തിരക്കിയപ്പോളാണ് ഇളയച്ഛന്‍ ചട്ടുകം പഴുപ്പിച്ചു പൊള്ളലേല്‍പ്പിച്ചതായി കുട്ടി പറയുന്നത്. ട്യൂഷന്‍ പരീക്ഷയുടെ പേപ്പര്‍ കാണാനില്ലെന്ന കാരണത്താലാണ് തന്നെ പൊള്ളിച്ചതെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് ഏരൂര്‍ സ്റ്റേഷനില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സ്‌കൂളിലെത്തി വിവരങ്ങള്‍ തിരക്കിയെങ്കിലും കേസെടുത്തില്ല.

രാവിലെ വിവരം അറിഞ്ഞിട്ടും ഉച്ചകഴിഞ്ഞുമാത്രമാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ആരോപണമുണ്ട്. ചൊവ്വാഴ്ച കുട്ടി സ്‌കൂളില്‍ വരാതിരുന്നതോടെ അധ്യാപകര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തില്ലെന്ന വിവരം അറിയുന്നത്. ഇതോടെ വിവരം പുനലൂര്‍ ഡിവൈ.എസ്.പി.യെ അറിയിച്ചു.

സ്ഥലത്തെത്തിയ ഡിവൈ.എസ്.പി. ബി.വിനോദ് കുട്ടിയില്‍നിന്നു നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടിയുടെ ശരീരത്തെ അടിയേറ്റ പാടുകള്‍ അദ്ദേഹം പരിശോധിക്കുകയും അധ്യാപകരില്‍നിന്ന് വിവരം അന്വേഷിക്കുകയും ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഏരൂര്‍ പോലീസിന്റെ ഉദാസീന നിലപാടില്‍ പ്രതിഷേധമുയര്‍ന്നതോടെ പുനലൂര്‍ ഡിവൈ.എസ്.പി. നേരിട്ടുനടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. തുടര്‍ന്ന് ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ഏരൂര്‍ എസ്.ഐ. കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. കേസെടുക്കുന്നതില്‍ ഏരൂര്‍ പോലീസിനു വീഴ്ചസംഭവിച്ചോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.