video
play-sharp-fill
മദ്യപിച്ച് വരുമ്പോള്‍ പഠിച്ച സ്‌കൂളില്‍ കയറാന്‍ മോഹം; മതിലുചാടി സ്കൂളിൽ കയറി ;കണ്ണിൽ കണ്ട  സാധനങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചും ജനാലച്ചില്ലിടിച്ച്‌  പൊട്ടിച്ചും അക്രമം ;  അമ്പലപ്പുഴയിൽ പൂർവ്വ വിദ്യാർത്ഥികൾ  പിടിയിൽ

മദ്യപിച്ച് വരുമ്പോള്‍ പഠിച്ച സ്‌കൂളില്‍ കയറാന്‍ മോഹം; മതിലുചാടി സ്കൂളിൽ കയറി ;കണ്ണിൽ കണ്ട സാധനങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചും ജനാലച്ചില്ലിടിച്ച്‌ പൊട്ടിച്ചും അക്രമം ; അമ്പലപ്പുഴയിൽ പൂർവ്വ വിദ്യാർത്ഥികൾ പിടിയിൽ

 

സ്വന്തം ലേഖിക

 

അമ്പലപ്പുഴ: പ്രവേശനോത്സവത്തലേന്ന് അമ്പലപ്പുഴ പടിഞ്ഞാറെനടയിലെ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

 

 

സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയായ അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പതിന്നാലാം വാര്‍ഡില്‍ കോമന കമ്പിയില്‍വീട്ടില്‍ അരവിന്ദ് (20), പുറക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ കരൂര്‍ പുതുവല്‍ വീട്ടില്‍ വിഷ്ണു (20) എന്നിവരാണ് അറസ്റ്റിലായത്. നാലംഗസംഘമാണ് അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.ഒളിവില്‍പോയ നാലാമനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നു പോലീസ് പറഞ്ഞു.പ്രതികള്‍ പരസ്പരം അറിയാവുന്നവരാണ്. അരവിന്ദിന്റെ ബന്ധുവിനുവേണ്ടി കടയില്‍നിന്നുവാങ്ങിയ വസ്ത്രം ചെറുതായിരുന്നതിനാല്‍ മാറ്റിവാങ്ങുന്നതിനായി പടിഞ്ഞാറെനടയിലെത്തിയതാണിവര്‍.

 

 

പോകുന്നവഴി ബാറില്‍കയറി മദ്യപിച്ചശേഷം നടന്നുവന്ന ഇവര്‍ മതിലുചാടി സ്‌കൂളിനുള്ളില്‍ കയറുകയായിരുന്നു. നേരത്തെ പഠിച്ചസ്‌കൂളില്‍ ഒന്നുകൂടി കയറാമെന്ന് അരവിന്ദ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിതെന്നു പോലീസ് അറിയിച്ചു.

 

 

 

മദ്യലഹരിയിലായിരുന്ന സംഘം കണ്ട സാധനങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചു. ജനാലച്ചില്ലിടിച്ചുപൊട്ടിച്ചപ്പോള്‍ വിഷ്ണുവിന്റെ ഇടതുകൈത്തണ്ടയില്‍ മുറിവേറ്റു. ആശുപത്രിയില്‍പോയാല്‍ പോലീസ് പിടിക്കുമെന്ന് ഭയന്നു വീട്ടില്‍പ്പോയി മുറിവില്‍ മരുന്നുവെച്ചുകെട്ടുകയായിരുന്നു.

 

 

 

പൊതുമുതല്‍ നശിപ്പിച്ചതിനാണു പ്രതികളുടെ പേരില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്തത്. അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ബിനോയ്, രാജീവ്, ഡിനു, എം.കെ. വിനില്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. നാലാമന്‍ മൂവാറ്റുപുഴയിലുണ്ടെന്നറിഞ്ഞു പോലീസ് സംഘമെത്തി തിരച്ചില്‍നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

 

സ്‌കൂളില്‍നിന്നുകിട്ടിയ അവ്യക്തമായ സി.സി.ടി.വി. ദൃശ്യങ്ങളായിരുന്നു പ്രതികളെക്കണ്ടെത്താന്‍ പോലീസിനുമുന്നിലുണ്ടായിരുന്ന ഏകമാര്‍ഗം. ചിലകേന്ദ്രങ്ങളില്‍നിന്നു പോലീസിനു രഹസ്യവിവരങ്ങളും ലഭിച്ചു.ഒരാളുടെ കാലില്‍ കാന്‍വാസ് ഷൂ ഉണ്ടായിരുന്നതായി ദൃശ്യത്തില്‍ കണ്ടിരുന്നു.

 

 

പ്രതികളെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വീടുകളില്‍ പരിശോധന നടത്തിയപ്പോള്‍ ഒരാളുടെ വീട്ടില്‍ അതേ ഷൂസ് കണ്ടെത്തി. ഇതുകൊണ്ടുവന്ന് സി.സി.ടി.സി. ക്യാമറയില്‍ പടമെടുത്തുനോക്കിയാണ് ഒന്നാണെന്ന് പോലീസ് ഉറപ്പാക്കിയത്. വിഷ്ണുവിന്റെ കൈത്തണ്ടയിലെ മുറിവും നിര്‍ണായകതെളിവായി. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും തെളിവുകള്‍ കാട്ടിയതോടെ പ്രതികള്‍ കുറ്റമേറ്റുപറഞ്ഞതായി പോലീസ് അറിയിച്ചു.