play-sharp-fill
മദ്യപിച്ചെത്തി അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദിച്ചു;  തടിക്കഷണം ഉപയോഗിച്ചുള്ള മര്‍ദനത്തിൽ കുട്ടിയുടെ കൈയ്യൊടിഞ്ഞു;  തടയാന്‍ ശ്രമിച്ച  അമ്മയ്ക്കും പരിക്കേറ്റു; രണ്ടാനച്ഛന്‍ പിടിയില്‍

മദ്യപിച്ചെത്തി അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദിച്ചു; തടിക്കഷണം ഉപയോഗിച്ചുള്ള മര്‍ദനത്തിൽ കുട്ടിയുടെ കൈയ്യൊടിഞ്ഞു; തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു; രണ്ടാനച്ഛന്‍ പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. തടിക്കഷണം ഉപയോഗിച്ചുള്ള മര്‍ദനം തടയാന്‍ ശ്രമിച്ച അമ്മയ്ക്കും ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റു. 5 വയസുകാരന്റെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ വെള്ളറട ആര്യങ്കോട് മൈലച്ചൽ സ്വദേശിയും 29കാരനുമായ സുബിനെ ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം.

മദ്യപിച്ചെത്തിയ സ്കൂള്‍ ബസ് ഡ്രൈവറായ സുബിൻ ഭാര്യയെയും കുട്ടിയെയും ആക്രമിക്കുകയായിരുന്നു. ഇളയ കുട്ടി ഉറങ്ങാൻ കിടക്കുന്നതിന് മുൻപു സുബിൻ ബുക്കിൽ ഇംഗ്ലീഷ് അക്ഷരം എഴുതാൻ നിർദേശിച്ചിരുന്നു. എഴുതിയപ്പോള്‍ തെറ്റിയ അക്ഷരം ഉച്ചരിക്കാൻ പറഞ്ഞായിരുന്നു മർദനം തുടങ്ങിയത്. ഈ സമയം കുട്ടിയുടെ അമ്മ കുളിക്കുകയായിരുന്നു. കുളി കഴിഞ്ഞു വന്നപ്പോൾ മർദനമേറ്റു തളർന്നു കതകിൽ ചാരി കരയുന്ന കുട്ടിയെയാണു കണ്ടത്. ഇതു ചോദ്യം ചെയ്തപ്പോൾ യുവതിയെയും മർദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ തടിക്കഷണം കൊണ്ടായിരുന്നു മർദനം. കുട്ടിയെയും എടുത്ത് പുറത്തേക്കോടാൻ ശ്രമിച്ച യുവതിയുടെ കൈ സുബിന്‍ പിടിച്ചു തിരിച്ചു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ക്ക് വീട്ടില്‍ നാലു വളർത്തു നായകൾ ഉണ്ടായിരുന്നതിനാൽ ആദ്യം വീട്ടിലേക്ക് കയറാൻ സാധിച്ചിരുന്നില്ല. തുടർന്നു നാട്ടുകാർ സംഘടിച്ച് ഇരുവരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തടിക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ വലതു കയ്യെല്ലാണ് ഒടിഞ്ഞത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. കുട്ടിയുടെ അമ്മയും ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്ന് മൂന്ന് മാസം മുൻപാണ് സ്കൂൾ ബസ് ഡ്രൈവറായ സുബിനുമായി പാച്ചല്ലൂർ സ്വദേശിനിയുടെ വിവാഹം നടക്കുന്നത്. യുവതിക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ഇളയ കുട്ടിക്കാണു മർദനമേറ്റത്.