നടിയെ ആക്രമിച്ച കേസ് : സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍; പ്രദീപിനെ അറസ്റ്റു ചെയ്തത് പുലര്‍ച്ചയോടെ

നടിയെ ആക്രമിച്ച കേസ് : സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേശ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റില്‍; പ്രദീപിനെ അറസ്റ്റു ചെയ്തത് പുലര്‍ച്ചയോടെ

സ്വന്തം ലേഖകൻ

പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഗണേശ് കുമാര്‍ എംഎ‍ല്‍എ.യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. കേസിൽ പത്തനാപുരത്തു നിന്നും ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

ഇന്ന് പുലര്‍ച്ചെ കാസര്‍കോട് സിഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാക്ഷിയെ സ്വാധീനീക്കാൻ ശ്രമിച്ച പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വേണ്ടി കൃത്യമായ ഗൂഢാലോചന ഉണ്ടെന്നെ ആക്ഷേപം ശക്തമായിരുന്നു. കേസില്‍ അട്ടിമറി ശ്രമം തെളിഞ്ഞാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി നിര്‍ബന്ധിതമായേക്കും.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കെ.ബി. ഗണേശ്‌കുമാര്‍ എംഎ‍ല്‍എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.

2014-ലെ അര്‍ണേഷ് കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു.എന്നാൽ കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

 

മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി. മൊഴി മാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച്‌ അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച്‌ അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച്‌ മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇത് നടക്കാതെ വന്നതോടെ വിവിധ തരത്തിലുള്ള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബറിൽ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.

കേസിലെ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു സാക്ഷി കൂടി രംഗത്തുവന്നിരുന്നു. തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണാണ് തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നു കാണിച്ചു പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.