play-sharp-fill
അതിശക്തമായി കാലവർഷം തുടരുന്നു : ചുഴലിക്കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നു ;മഴക്കെടുതിയിൽ രണ്ട് മരണം

അതിശക്തമായി കാലവർഷം തുടരുന്നു : ചുഴലിക്കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നു ;മഴക്കെടുതിയിൽ രണ്ട് മരണം

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴതുടരുന്നു. ഇടുക്കി,വയനാട്, കാസർകോട്, മലപ്പുറം തുടങ്ങി ഏതാണ്ട് എട്ടു ജില്ലകളിൽ കനത്ത മഴ പെയ്യുന്നു. ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റാനുള്ള രക്ഷാ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കൊട്ടിയൂരിൽ ചുഴലിക്കാറ്റിനെ തുടർന്ന് സ്‌കൂളിന്റെ മേൽക്കൂര തകർന്നു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് രണ്ട മരണം റിപ്പോർട്ട് ചെയ്തു. അട്ടപ്പാടിയിൽ വീടിന് മുകളിലേയ്ക്ക് മരം വീണ് ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ച ഒരാൾ. അതേസമയം വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്. വയനാട് കുഞ്ഞോം കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേപ്പാടി പുത്തുമലയിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിൽ പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ചെറുത്തോണി-നേരിമംഗലം റൂട്ടിൽ കീരിത്തോട്, പന്നിയാർകുട്ടി എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇടുക്കി- എറണാകുളം റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. മലങ്കര കല്ലാർകുട്ടി ഡാമുകളുടെ മൂന്നു ഷട്ടറുകൾ വീതം തുറന്നു.

വളപ്പട്ടണം പുഴ കരകവിഞ്ഞ് പുഴയോരത്തെ 15 വീടുകൾ പൂർണമായും തകർന്നു. അഞ്ഞൂറു കുടുംബങ്ങൾ ഒറ്റപ്പെട്ടു. റോഡുകളും വെള്ളത്തിനടിയിലാണ്. മഴ ശക്തമായതിനെ തുടർന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് തുടങ്ങിയ മഴ നിർത്താതെ പെയ്തതാണ് 15-ഓടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിലേയ്ക്ക് വഴിവച്ചത്. ഈ സാഹചര്യത്തിൽ മഴ തുടരുന്നത് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.