കോട്ടയം അതിരമ്പുഴ പള്ളിയിൽ തിരുനാൾ കൊടിയേറ്റ് നാളെ: ഫെബ്രുവരി 1 – ന് സമാപിക്കും. 24 – ന് പട്ടണ പ്രദക്ഷിണം:ജനുവരി 28, 29, 30, 31 ഫെബ്രുവരി 1 തീയതികളിൽ വൈകുന്നേരം 7.30 ന് പ്രസിദ്ധമായ ട്രൂപ്പുകളുടെ ഗാനമേളകളും ഇൻസ്ട്രമെന്റൽ ഫ്യൂഷനും
കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ വി.സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് നാള (ജനുവരി 19 ) കൊടികയറി ഫെബ്രുവരി 1ന് സമാപിക്കും.
വിവിധ തലത്തിലുള്ള പ്രദക്ഷിണങ്ങൾ ഈ തിരുനാളിന്റെ പ്രത്യേകതയാണ്. പള്ളിയുടെ 4 അതിർത്തി ദേശങ്ങളിൽ നിന്നും ആരംഭിച്ച് രാത്രി 9 മണിയോടെ അവസാനിക്കുന്ന ദേശക്കഴുന്ന് പ്രദക്ഷിണങ്ങൾ. അവയ്ക്കൊക്കെയും ആമുഖമായി 19-ാം തീയതി കൊടി കയറുന്ന ദിവസം വേദഗിരി സ്പിന്നിംഗ് മില്ലിൽ നിന്നും ആരംഭിച്ച് പള്ളിയിൽ അവസാനിക്കുന്ന ആദ്യ കഴുന്ന് പ്രദക്ഷിണം. ഈ കഴുന്ന് പ്രദക്ഷിണങ്ങളോടെ ഈ ദേശവും ചുറ്റുപാടുകളും തിരുനാൾ അന്തരീക്ഷത്തിലേയ്ക്കു വരുന്നു.
ഈ വർഷം ജനുവരി 19-ാം തീയതി ദൈവാലയത്തിന്റെ മുൻവശത്തുള്ള കൊടിമരത്തിൽ കൊടി കയറ്റുന്നതോടൊപ്പം തന്നെ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും മുൻഭാഗത്ത് പേപ്പൽ ഫ്ലാഗ് ഉയർത്തി എല്ലാ ഇടവകാഗംങ്ങളും ആഘോഷങ്ങളോടു കണ്ണി ചേരുന്നു. ഇത് ഈ വർഷത്തെ ഒരു പ്രത്യേകതയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരമ്പരാഗത അകമ്പടി ഉപകരണങ്ങളായ കൊടി, മുത്തുക്കുട, ചുരുട്ടി, തഴക്കുട, ആലവട്ടം, വെഞ്ചാമരം, തീവെട്ടി തുടങ്ങിയവയുടെ അകമ്പടിയോടെ നടത്തുന്ന പട്ടണ പ്രദക്ഷിണം 24-ാം തീയതി വൈകുന്നേരം 6 മണിക്ക് പള്ളിയിൽ നിന്നും ആരംഭിക്കുന്നു.
ഭക്തജനങ്ങൾ വഹിക്കുന്ന നൂറു കണക്കിന് പൊൻ വെള്ളി കുരിശുകളും വർണ്ണക്കുടകളും ചേർന്നു സൃഷ്ടിക്കുന്ന ദൃശ്യം ഭക്തജനങ്ങളുടെ മനസിൽ മായാതെ പതിയുന്നു. ചന്തക്കുളത്തിന് സമീപമുള്ള പെണ്ണാർ തോട്ടിൽ താല്ക്കാലികമായി ഉണ്ടാക്കുന്ന പാലത്തിലൂടെ വിശുദ്ധരുടെ രൂപങ്ങൾ ചന്തക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തുമ്പോൾ തൊഴിലാളികൾ കൊടുക്കുന്ന ആദരവും വണക്കവും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന കാഴ്ചകളാണ്.
ആഘോഷമായി 6.45 ന് ടൗൺ കപ്പേളയിൽ എത്തിക്കുന്ന വി കന്യകാമറിയത്തിന്റെയും, അന്തോനീസിന്റെയും രൂപങ്ങൾ പ്രത്യേക പീഠങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥനകൾ നടത്തുന്നു. പ്രാർത്ഥനകൾക്കും ആചാരാനുഷ്ടാനങ്ങൾക്കും ശേഷം 7.30ന് അവിടെ നിന്നും പുറപ്പെടുന്ന പ്രദക്ഷിണത്തിന് 6 തീവെട്ടികൾ പ്രകാശധാര പകരുന്നു.
7.45 ആവുമ്പോൾ വലിയ പള്ളിയിൽ നിന്നും ഉണ്ണിമിശിഹായുടെ രൂപവും സംവഹിച്ചുകൊണ്ടുള്ള 2-മത്തെ പ്രദക്ഷിണം ആരംഭിക്കുന്നു. 8.15ന് കൊച്ചുപള്ളിയുടെ മുൻവശത്ത് രണ്ടു പ്രദക്ഷിണങ്ങളും സംഗമിക്കുമ്പോൾ അതിരമ്പുഴപള്ളി പരിസരവും ചുറ്റുപാടുകളും ജനസാഗരമായി മാറും. ഈ രണ്ടു പ്രദക്ഷണങ്ങളും ഒന്നുചേർന്ന് ചെറിയ പള്ളിക്കു വലംവച്ച് ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വി. സെബസ്ത്യാനോസിന്റെ രൂപവുമായി വലിയ പള്ളിയിലെത്തി പട്ടണ പ്രദക്ഷിണം സമാപിക്കും.
25-ാം തീയതിയാണ് പ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം നടക്കുക. 22 ലേറെ വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും തിരുസ്വരൂപങ്ങൾ നിര നിരയായി വി. ജോൺ പോൾ II നഗറിലൂടെ കടന്നുവന്ന് കൊച്ചുപള്ളി ചുറ്റി തിരികെ പള്ളിയിലെത്തി സമാപിപ്പിക്കുന്നു.
ഫെബ്രുവരി മാസം 1-ാം തീയതി വൈകുന്നേരം 6.30ന് വി. സെബസ്ത്യാനോസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു നടത്തുന്ന പ്രദക്ഷിണം വലിയപള്ളി ചുറ്റി പള്ളിയിലെത്തി പുനഃപ്രതിഷ്ഠ നടത്തുമ്പോൾ ഈ വർഷത്തെ തിരുനാളാഘോഷത്തിന് സമാപനമാകും.
മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോയി ആലപ്പാട്ട്, മാർ ജേക്കബ് മുരിക്കൻ എന്നീ മെത്രാപ്പോലീത്താമാരുടെയും മെത്രാൻമാരുടെയും സാന്നിദ്ധ്യം ഈ തിരുനാളിലുണ്ടാവും.. സീറോ മലബാർ സഭയുടെ ആഘോഷമായ റാസയും ആഘോഷമായ വി. കുർബാന അർപ്പണങ്ങളും മദ്ധ്യസ്ഥ പ്രാർത്ഥനകളും തിരുനാൾ ആഘോഷത്തിന്റെ ആദ്ധ്യാത്മീകതയുടെ ഭാവങ്ങളാണ്.
ജനുവരി 28, 29, 30, 31 ഫെബ്രുവരി 1 എന്നീ തീയതികളിൽ വൈകുന്നേരം 7.30 ന് നടത്തുന്ന പ്രസിദ്ധമായ ട്രൂപ്പുകളുടെ ഗാനമേളകളും ഇൻസ്ട്രമെന്റൽ ഫ്യൂഷനും തിരുനാൾ ആഘോഷത്തിന് മികവേകുന്നു.